ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു

New Project - 2023-12-17T153421.076

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വർണ്ണാഭമായ പരിപാടികളോടെ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. അറബിക് വകുപ്പ് മേധാവി സഫ അബ്ദുല്ല ഖമ്പറിന്റെ നേതൃത്വത്തിൽ വകുപ്പിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് നിറപ്പകിട്ടാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് .

ജഷൻമാൾ ഓഡിറ്റോറിയത്തിൽ ദേശീയ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പരിശുദ്ധ ഖുർആൻ പാരായണം നടന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, ഭരണസമിതി അംഗം ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. പ്രിൻസ് എസ് നടരാജൻ ദേശീയ ദിനാഘോഷ പരിപാടികൾക്ക് ആശംസ നേർന്നു. ദേശ സ്നേഹത്തിന്റെ ചൈതന്യവുമുള്ള ഘോഷയാത്ര ആഘോഷത്തിന്റെ മാറ്റുകൂട്ടി. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രഭാഷണം വകുപ്പ് മേധാവി സഫ അബ്ദുല്ല ഖമ്പർ നടത്തി. അറബിക് അധ്യാപകൻ ബദർ അലി ദേശഭക്തി കവിത ചൊല്ലി. നാലും അഞ്ചും ക്ലാസ് വിദ്യാർത്ഥികളുടെ ആകർഷകമായ നൃത്തവും ഉണ്ടായിരുന്നു. അധ്യാപികമാരായ സഫ അബ്ദുല്ല ഖമ്പർ, അഹ്‌ലം മൻസൂർ എന്നിവർ നൃത്തസംവിധാനം നിർവഹിച്ചു. ഫാത്തിമ സൽമാന്റെ നേതൃത്വത്തിൽ “അൽ ജല്വ” എന്ന മനോഹരമായ അവതരണം നടന്നു . അധ്യാപിക ഖദീജ അൽ ഖാന്റെ മേൽനോട്ടത്തിൽ നൃത്തപരിപാടി നടന്നു. സൈനബ് അഹമ്മദിന്റെ നേതൃത്വത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥി അലി അദേൽ ഹൃദയസ്പർശിയായ പ്രഭാഷണം നടത്തി. സക്കീന അഹമ്മദ് കവിത അവതരിപ്പിച്ചു.

 

ബദർ അലി സംവിധാനം ചെയ്ത ലഘുനാടകം ശ്രദ്ധേയമായി. ഇമാൻ മൻസൂർ മാക്കിയുടെ നേതൃത്വത്തിൽ നടന്ന ചടുലമായ അറബിക് നൃത്തം, അലവിയയുടെ മേൽനോട്ടത്തിലുള്ള സ്പോർട്സ് ഷോ എന്നിവയിലൂടെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ കൂടുതൽ പ്രകടമായി. ഫാത്തിമ സൽമാന്റെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോയും ഫഹീമയുടെ മേൽനോട്ടത്തിൽ നടന്ന വിസ്മയിപ്പിക്കുന്ന നൃത്തവും കാണികളുടെ മനം കവർന്നു.പരിപാടിയിലെ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തെയും അധ്യാപകരുടെ സൂക്ഷ്മമായ ഏകോപനത്തെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!