മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെയിൻ്റ് മത്സരം ശ്രദ്ധേയമായി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം 750 ൽപ്പരം പേരാണ് വിവിധ വിഷയങ്ങളിൽ വർണ്ണചിത്രങ്ങൾ ഒരുക്കിയത്.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മനാമ കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യുസഫ് ലോറി ദേശീയ ദിന ആഘോഷത്തിൻ്റെയും പെയിൻ്റിംഗ് മത്സരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു പ്രവാസി സംഘടന എന്ന നിലയിൽ സമാജം നടത്തി വരുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി പൗലോസ് ബഹ്റൈനിലെ പ്രമുഖ ചിത്രകാരനായ യാസിർ മെഹ്ദി, പ്രമുഖ ജോർദ്ദാനി ചിത്രകാരിയായ ഇറിനോ അവറിനോസ് തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സമാജം കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫാറൂഖ്, ചിത്രകലാ ക്ലബ്ബിൻ്റെ കൺവീനർ ആൽബർട്ട് ആൻറണി ചിത്രകലാ ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.
മത്സരത്തിൻ്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും 22 ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷച്ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.