മനാമ: പ്രവാസികളോട് ബഹ്റൈൻ കാണിക്കുന്ന സ്നേഹവും കരുതലും ദൃശ്യവത്കരിച്ച് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികൾ. മൂന്നു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം സ്വന്തം രാജ്യത്തുകിട്ടുന്നപോലെ കരുതലും സ്നേഹവും തരുന്ന ഈ രാജ്യത്തെ നെഞ്ചിലേറ്റിയ എല്ലാവർക്കുംവേണ്ടി സമർപ്പിക്കുകയാണിവർ.
ചിത്രത്തിന്റെ തിരക്കഥയും ആശയവും ഹരീഷ് എസി ന്റേതാണ്. മഹേഷ് മോഹൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ലിജോ ഫ്രാൻസിസും കാമറ വിപിൻ മോഹനും കോസ്റ്റ്യൂം അമ്മു അരുണും ഗ്രാഫിക്സ് എഡിറ്റിങ് മ്യൂസിക് വിനീത് രവീന്ദ്രനുമാണ്. അരുൺ ഭാസ്കറാണ് പി.ആർ.ഒ. സ്മിത സന്തോഷ്, സഹ്റ റഹിമി, റിജോയ് മാത്യു എന്നിവർ അഭിനയിച്ചിരിക്കുന്നു.
പ്രവാസജീവത തിരക്കിലും കലയുടെ കൈയും പിടിച്ച് നടക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഇവരുടെ ‘ട്രിബ്യൂട്ട് ടു നാഷനൽ ഡേ’ എന്ന ഹ്രസ്വചിത്രം ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ബഹ്റൈൻ വനിതയായ സാറ റഹ്മിയും അഭിനയിച്ചിട്ടുണ്ട്. സീറോ ഫിൽസ് മീഡിയയാണ് ഷോർട്ട് ഫിലിം ഒരുക്കിയത്.