മനാമ: വയനാട് മുസ്ലിം യതീംഖാന ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ വയനാട് മുസ്ലിം യതീംഖാന ബഹ്റൈൻ കമ്മിറ്റി അനുശോചിച്ചു. സാമൂഹിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച വിദ്യാഭ്യാസ പ്രവർത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവർത്തകനായും ജമാൽ മുഹമ്മദ് ശോഭിച്ചു.
അദ്ദേഹത്തിന്റെ മരണം സമൂഹത്തിനും അനാഥ മക്കൾക്കും തീരാ നഷ്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു. സൗത്ത് ഇന്ത്യയിലെ അതി പ്രശസ്തവും പ്രഥമ അനാഥാലയങ്ങളില്‍ മൂന്നാമത്തേതായി ഉള്‍പ്പെട്ടതും വിശ്വ വ്യാഖ്യാതി നേടിയതുമായ ഡബ്ല്യു.എം.ഒ വയനാട് മുട്ടില്‍ യതീംഖാന സ്ഥാപനങ്ങളുടെ ജീവനാഡിയും മത, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ അതുല്യ പ്രതിഭയുമായിരുന്ന എം.എ. മുഹമ്മദ് ജമാലിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതായി ഡബ്ല്യു.എം.ഒ ബഹ്റൈൻ നോർത്ത് പ്രവിശ്യ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹീം ഹസന് പുറക്കാട്ടിരി അറിയിച്ചു.
എം.എ. മുഹമ്മദ് ജമാൽ സമൂഹത്തിനാകമാനം വഴികാട്ടിയായിരുന്ന കർമയോഗി -കെ.എം.സി.സി
മനാമ: ഒരേ സമയം രാഷ്ടീയ രംഗത്തും സാമൂഹിക രംഗത്തും വഴികാട്ടിയായിരുന്ന കർമയോഗിയായിരുന്നു എം.എ. മുഹമ്മദ് ജമാലെന്ന് കെ.എം.സി.സി ബഹ്റൈൻ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
വയനാട് മുസ്ലിം യതീംഖാന സാരഥി, മുസ്ലിംലീഗ് വയനാട് ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ എന്നീ സ്ഥാനങ്ങളൊക്കെ അലങ്കരിക്കുമ്പോഴും വിശ്രമം എന്തെന്നറിയാത്ത പ്രവർത്തനങ്ങളായിരുന്നു പൊതു സമൂഹത്തിനുമുന്നിൽ അദ്ദേഹം സമർപ്പിച്ചത്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാനും സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങലും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.