മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന യൂനിറ്റ് സമ്മേളനം ‘യൂത്ത് കോൺഫറൻസിയ’ക്ക് തുടക്കമായി. വിഭവം കരുതണം, വിപ്ലവമാവണം എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ ആയിരം യൂനിറ്റുകളിൽ സമ്മേളനം നടക്കും. സൽമാബാദ് സിറ്റി യൂനിറ്റിൽ നടന്ന ബഹ്റൈൻ നാഷനൽതല ഉദ്ഘാടനം, ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂരിന്റെ അധ്യക്ഷതയിൽ എസ്.വൈ.എസ് കേരള ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൾ ഹകീം അസ്ഹരി നിർവഹിച്ചു. അബ്ദു റഹീം സഖാഫി വരവൂർ പ്രമേയ പ്രഭാഷണം നടത്തി.
പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനിൽപിനും പ്രവർത്തനങ്ങൾക്കും ആവശ്യമായ അവിഭാജ്യ ഘടകങ്ങളായ വിഭവങ്ങളുടെ സന്തുലിതാവസ്ഥ തകരാൻ മനുഷ്യന്റെ സ്വാർഥതയും അനാവശ്യ ഇടപെടലുകളും കാരണമാകരുതെന്ന് പ്രമേയ പ്രഭാഷണത്തിൽ റഹീം സഖാഫി പറഞ്ഞു. വരും തലമുറകൾക്കുകൂടി വിഭവങ്ങൾ ഉപയോഗയോഗ്യമാവുന്നതിനുള്ള കരുതലുണ്ടാവണം. സാമൂഹിക ഘടനയുടെ സ്വീകാര്യതക്ക് അഭൗതിക വിഭവങ്ങളായ സ്നേഹവും സഹിഷ്ണുതയും ധാർമികബോധവും അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർ.എസ്.സി സംഘടന സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിയിൽ സർവേ പ്രസന്റേഷൻ നിർവഹിച്ചു. ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡൻറ് അബ്ദുൽ സലാം മുസ്ല്യാർ കോട്ടക്കൽ, ഹാരിസ് ഹനീഫി ബാളിയൂർ, മുനീർ സാഖാഫി ചേകനൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ ഖാലിദ് സഖാഫി എന്നിവർ പ്രസംഗിച്ചു. സമീർ വടകര സ്വാഗതവും ഫാതിഹ് വെള്ളൂർ നന്ദിയും പറഞ്ഞു.