മനാമ: പ്രതിഭ സൽമാബാദ് മേഖല നേതൃത്വത്തിൽ നോർക്ക ക്ഷേമനിധി ബോധവത്കരണ ക്ലാസ് നടന്നു. കേരള പ്രവാസി സംഘം കാസർകോട് ജില്ല സെക്രട്ടറിയും പ്രതിഭ മുൻ ജനറൽ സെക്രട്ടറിയുമായ പി. ചന്ദ്രൻ നോർക്ക, ക്ഷേമനിധി പെൻഷൻ, മറ്റിതര ആനുകൂല്യങ്ങൾ, ഇൻഷുറൻസ്, കേരള ഗവൺമെന്റിന്റെ പ്രവാസി അനുകൂലമായ വിവിധ സ്കീമുകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.
തുടർന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.പി. അനിൽകുമാർ നയിച്ച ചോദ്യോത്തരവേള വിജ്ഞാനപ്രദമായിരുന്നു.പ്രതിഭ ഹാളിൽ നടന്ന പരിപാടി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഗിരീഷ് മോഹനൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജയകുമാർ അധ്യക്ഷതവഹിച്ചു. പി. ചന്ദ്രനുള്ള ഉപഹാരം മേഖല കമ്മിറ്റിക്കുവേണ്ടി പ്രതിഭ പ്രസിഡൻറ് ബിനു മണ്ണിൽ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ രാജേഷ് ആറ്റടപ്പ, സുബൈർ കണ്ണൂർ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി. മേഖല ട്രഷറർ രഞ്ജിത്ത് പൊൻകുന്നം നന്ദി പറഞ്ഞു.