മനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്രസ്സാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക സ്പോർട്സ് ഫെബ്രുവരി 2 വെള്ളിയാഴ്ച അൽ ഹമല സെൻട്രൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 7:30 നു വിവിധ ഹൗസുകളുടെ മാർച്ച്പാസ്സ്‌റ്റോടുകൂടി ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 5 മണി വരെ നീണ്ടുനിൽക്കും.
മനാമ, ഹിദ്ദ്, ഈസ ടൗൺ മദ്രസകളിൽ നിന്നായി 350 ലധികം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്ന മത്സരങ്ങൾ അഹ്‌മർ, അസ്‌റഖ് , അഖദ്ർ, അസ്ഫർ എന്നീ ഗ്രൂപ്പുകളായാണ് നടക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കിഡ്സ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്ന ക്രമത്തിലായിരിക്കും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഗെയിം കോർഡിനേറ്റർ തൗസീഫ് അഷ്‌റഫ് അറിയിച്ചു.
ഗ്രൂപ് മാനേജർമാരായി ഉസ്മാൻ ഈസാ ടൌൺ (അഹ്‌മർ), സെമീർ റിഫ (അഖദർ), ബിർഷാദ് തൂബ്ലി (അസ്ഫർ), ബിനു ഇസ്മായിൽ മനാമ (അസ്‌റഖ് ) എന്നിവരെ തിരഞ്ഞെടുത്തു. സ്പോർട്സിന്റെ വിജയകരമായ നടത്തിപ്പിനായി അബ്ദുൽ റസാഖ് വി.പി. മുഖ്യ രക്ഷാധികാരിയായും, അബ്ദുസ്സലാം ചങ്ങരംകുളം കൺവീനറായും 40 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സ്പോർട്സിന്റെ വകുപ്പ് ക്രമീകരണയോഗത്തിൽ ഓരോ വകുപ്പുകളുടെയും ചുമതലയും അതിന്റെ മേധാവികളെയും നിശ്ചയിച്ചു. രിസാലുദ്ദീൻ മീത്തൽ മാളികണ്ടി, ഹംസ അമേത്ത്, ഹംസ സിംസിം, യഹ്‌യ സി.ടി. എന്നിവരും പങ്കെടുത്തു. സമീർ ഫാറൂഖി ഉത്‌ബോധനം നടത്തി. ലത്തീഫ് ചാലിയം യോഗം നിയന്ത്രിച്ചു.