മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ 68 പേര് മുടി ദാനം നൽകി. കീമോ തെറാപ്പി അടക്കമുള്ള കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികൾക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നൽകുവാനാണ് കുറഞ്ഞത് 21 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്തു ഇത്തരത്തിൽ നൽകുന്ന തലമുടി ഉപയോഗിക്കുന്നത്.
ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ മറിയം അൽ ധൈൻ, ഹക്കിം അൽ ഷിനോ, റോയൽ ബഹ്‌റൈൻ പ്രസിഡണ്ടും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്‌മദ് ജവഹറി, ഗ്രൂപ്പ് സിഇഒ ഡോ: ശരീഫ് എം. സഹദുല്ല, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, പി. ശ്രീജിത്ത്, സുബൈർ കണ്ണൂർ, ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി, ഗിരീഷ് മോഹൻ, പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവരുടെ സാന്നിധ്യത്തിൽ ഉം അൽ ഹസ്സത്തുള്ള കിംസ് ഹോസ്പിറ്റലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി ട്രെഷറർ യുസഫ് ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ എന്നിവർക്ക് സ്വരൂപിച്ച മുഴുവൻ മുടികളും കൈമാറി.
മുടി നൽകിയ മുഴുവനാളുകളേയും സർട്ടിഫിക്കറ്റും പൂച്ചെണ്ടും നൽകി ചടങ്ങിൽ ആദരിച്ചു. കിംസ് ഹോസ്പിറ്റലിലെ ഡോ: വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓൺകോളജിസ്റ്റ്), ഡോ: അൽപായ് യിൽമാസ് (ഗൈനക്കോളജിക്കൽ ഓൺകോളജി) എന്നിവർ കാൻസർ ബോധവൽക്കരണ ക്ലാസ്സെടുത്തു. പ്രിയംവദ ഷാജു, പ്രതിഭ വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. പ്രതിഭയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ, പ്രവർത്തകർ,കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ, തലമുടി ദാനം ചെയ്തവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.