മനാമ: ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ഫിലിം ക്ലബ്ബ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് പ്രശസ്ത ചലച്ചിത്ര സംവിധായകനായ സിബി മലയിലിന് സമ്മാനിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള ചലച്ചിത്ര ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു.
എണ്‍പതുകളുടെ തുടക്കത്തോടെ ജനപ്രിയ സിനിമയില്‍ ഉയർന്നു വന്ന പുതിയ സംവിധായകരിൽ ശ്രദ്ധേയനായി മാറിയ ചലച്ചിത്രകാരനാണ് സിബി മലയിൽ. 1985 ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി ഒ. ആയിരുന്നു സ്വതന്ത്ര സംവിധാനം നിർവ്വഹിച്ച ആദ്യ സിനിമ. തൊട്ടടുത്ത വർഷം ശ്രീനിവാസന്‍റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സാമൂഹികവിമര്‍ശന ചിത്രം പ്രേക്ഷകശ്രദ്ധയ്ക്ക് ഒപ്പം ആ വര്‍ഷത്തെ മികച്ച സാമൂഹികക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം കൂടി നേടിയോടെ സിബി മലയില്‍ എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
ചലച്ചിത്ര ലോകത്ത് സിബി മലയിൽ എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു 1987ല്‍ പുറത്തിറങ്ങിയ തനിയാവര്‍ത്തനം എന്ന ചിത്രം. ലോഹിതദാസ് എന്ന തിരകഥാകൃത്തിനെ സിനിമയില്‍ പരിചയപ്പെടുത്തിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചലച്ചിത്ര കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു.
ഇദ്ദേഹം സംവിധാനം ചെയ്ത ഒ തിരക്കഥകളിൽ കൂടുതലും ലോഹിതദാസിന്റേതായിരുന്നു.
തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, ചെങ്കോല്‍, വളയം , മാലയോഗം തുടങ്ങിയവയൊക്കെ ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി സംവിധാനം ചെയ്ത ‘സദയം’ മലയാളത്തിലെ ഒരു മികച്ച സൈക്കോ ഡ്രാമ മൂവിയാണ്.
ആകാശദൂത്, സമ്മർ ഇൻ ബത് ലഹേം, ദേവദൂതൻ, ഉസ്താദ്, മായാമയൂരം, എന്റെ വീട് അപ്പൂന്റേം , ഇഷ്ടം ,അമൃതം, ജലോത്സവം, കളിവീട്, കാണാക്കിനാവ്, പ്രണയവർണ്ണങ്ങൾ, സാഗരം സാക്ഷി തുടങ്ങി നാൽപ്പത്തിയേഴ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് 2003ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു.
മാർച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.