മനാമ: ഐ വൈ സി സി ബഹ്‌റൈൻ എല്ലാവർഷവും നൽകി വരാറുള്ള ഷുഹൈബ് സ്മാരക പ്രവാസിമിത്ര പുരസ്കാരത്തിന് സാബു ചിറമേൽ അർഹനായി. ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകരെയാണ് ഈ പുരസ്കാരത്തിലേക്ക് പരിഗണിക്കുന്നത്.
സാമൂഹ്യ പ്രവർത്തകനും,യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന അനശ്വരനായ ധീര രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥം ഐ വൈ സി സി ഏർപ്പെടുത്തിയ അഞ്ചാമത് “ഷുഹൈബ് പ്രവാസി മിത്ര” പുരസ്‌ക്കാരത്തിനാണ് സാബു ചിറമേൽ അർഹനായത്.
ബഹ്‌റൈനിലെ നിശബ്ദ ജീവകാരുണ്യ പ്രവർത്തകൻ ആയ സാബു സൽമാനിയ ഹോസ്പിറ്റലിൽ ആരോരും സഹായത്തിനല്ലാത്ത നിർദ്ധനരായ രോഗികളെ ദിവസവുമെത്തി പരിചരിക്കുന്ന മനുഷ്യസ്നേഹിയാണ്. തുശ്ചമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരു സാധാരണ വ്യക്തിയായ അദ്ദേഹം ദിവസവും ജോലിക്ക് ശേഷമാണ് തന്നെ കാത്തിരിക്കുന്ന രോഗികൾക്ക് ഭക്ഷണം വാരി നൽകാൻ, മുടി വെട്ടാനും ഷേവ് ചെയ്യാനുമൊക്കെയായി സമയം ചിലവിടുന്നത്. അതുപോലെ നാട്ടിൽ കാത്തിരിക്കുന്ന രോഗികളുടെ ബന്ധുക്കളെ വീഡിയോ കോളിലും, അല്ലാതെയുമായി ഇവിടുത്തെ വിവരങ്ങൾ പങ്കുവയ്ക്കുവാനും, രോഗികൾക്ക് വേണ്ട മനോധൈര്യം പകർന്നു നൽകുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു .
മുഖ്യധാരയിലേക്ക് കടന്ന് വരാതെ ചെയ്ത കാര്യങ്ങൾ വിളിച്ചു പറയാതെ നിസ്വാർത്ഥ സേവനം നടത്തുന്ന സാബു ചിറമേൽ ഈ അവാർഡിന് ഏറ്റവും അർഹത ഉള്ള ആളാണെന്നു ബോധ്യപ്പെട്ട അടിസ്ഥാനത്തിൽ ആണ് അദ്ദേഹത്തെ ധീര രക്തസാക്ഷിയായ ഷുഹൈബിന്റെ പേരിലുള്ള പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, യൂത്ത് ഫെസ്റ്റ് കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.