bahrainvartha-official-logo
Search
Close this search box.

പുണ്യങ്ങൾ പെയ്തിറങ്ങുന്ന നോമ്പുകാലത്തെ നിറഞ്ഞ മനസോടെ വരവേൽക്കാം

WhatsApp Image 2024-03-10 at 7.34.31 PM

ജമാൽ ഇരിങ്ങൽ

————————–

ആകാശത്തും ഭൂമിയിലും ദൈവീകാനുഗ്രഹങ്ങളുടെ സുവർണകാലത്തിന്റെ കേളികൊട്ട് വീണ്ടും ഉയരുകയായി. ജീവിതത്തെ പുതുക്കിപ്പണിയാൻ തീരുമാനമെടുത്തവർക്ക് ഈ വിശുദ്ധ മാസം ഒരത്താണിയാണ്. ഭൂമിയിലെങ്ങും സുകൃതങ്ങൾ പെയ്തിറങ്ങുന്ന മനോഹരമായ കാഴ്ചകൾകൊണ്ട് സമ്പന്നമായിരിക്കും റമദാനിന്റെ ഓരോ ദിനരാത്രങ്ങളും. ഭൗതികതയുടെയും ആസക്തികളുടെയും നിറച്ചാർത്തുകൾക്ക് പിന്നാലെ ഓടിത്തളർന്ന മനുഷ്യർക്ക് സ്വന്തത്തിലേക്കൊന്ന് തിരിഞ്ഞു നോക്കാനുള്ള അസുലഭമായ അവസരംകൂടിയാണ് റമദാൻ.

 

ന്യായത്തിനും നീതിക്കും നിരക്കാത്ത ഇച്ഛകൾക്കൊത്ത് തോന്നിയത് പോലെയായിരുന്നു പലരും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. പാപത്തിന്റെ പാഴ്‌ചെറിൽ പൂണ്ടുപോയിരുന്നു പലരും. മൂല്യങ്ങൾക്കും ധാർമ്മികതക്കും ഒട്ടും വില കൽപ്പിക്കാതെ തെറ്റുകളുടെ ചെളിക്കുണ്ടിലൂടെ അപഥസഞ്ചാരം നടത്തിയവർക്ക് നന്മകളിലേക്ക് തിരിഞ്ഞു നടക്കാനുള്ള അവസരമാണ് ഓരോ റമദാനും. പശ്ചാത്താപത്തിന്റെയും സ്വയം വിചാരണയുടെയും നാളുകൾ. പാപക്കറകൾ കൊണ്ട് കറുത്തുപോയ ഹൃദയങ്ങളെ പശ്ചാത്താപത്തിന്റെ കണ്ണീരു കൊണ്ട് കഴുകിത്തുടച്ചു മനസും ശരീരവും സ്ഫടികസമാനാക്കാൻ ദൈവം മനുഷ്യർക്ക് കനിഞ്ഞരുളിയ വിശുദ്ധ നാളുകൾ.

 

ഏറെ പുണ്യമുള്ള മാസത്തിലൂടെ കടന്നുപോകുമ്പോള്‍ ഓരോ വിശ്വാസിക്കും ഹൃദയാഹ്ലാദങ്ങള്‍ സ്വാഭാവികമാണ്. വിശ്വാസികള്‍ ഒത്തുചേര്‍ന്നു ജീവിക്കുമ്പോള്‍ അതിന് ആഘോഷപരതയും കൈവരും. അത്തരം ആഘോഷത്തിന്റെ കേന്ദ്രസ്ഥാനം പള്ളികളാണ്. സംഘടിത നമസ്കാരങ്ങളും രാത്രി നമസ്കാരങ്ങളും ഒരുമിച്ചുള്ള ഇഫ്താറുകളും കൊണ്ട് പള്ളികൾ മുഖരിതമാവാൻ പോവുകയാണ്. ഓരോ വിശ്വാസിയും തന്റെ നാഥന്റെ ചാരത്തേക്ക് കൂടുതൽ അടുക്കുന്ന സന്ദർഭം. നിരവധി സുകൃതങ്ങളിലൂടെ മാലാഖമാരുടെ വിശുദ്ധിയിലേക്ക് ഉയരുകയാണ് ഓരോ മനുഷ്യരും.

 

ആറാം നൂറ്റാണ്ടിലെ പൂതലിച്ച ഗോത്ര സംസ്കാരത്തിലും അതിന്റെ ഇരുട്ടിലും അഭിരമിച്ചിരുന്നവരായിരുന്നു ജാഹിലിയ്യത്തിലെ അറബികൾ. ആ ജനതയെ മഹത്തായ ഒരു ജീവിത പന്ഥാവിലേക്ക് കൈപിടിച്ചാനയിച്ച വിശുദ്ധ വേദഗ്രന്ഥമായ ഖുർആനിന്റെ അവതരണം ആരംഭിച്ച മാസം കൂടിയാണ് റമദാൻ. മനുഷ്യപറ്റില്ലാത്ത ആശയങ്ങൾക്കും ആദർശങ്ങൾക്കും പകരം അരികുവൽക്കരിക്കപ്പെട്ടവരെയും അശരണരെയും ചേർത്ത് പിടിക്കുന്ന ഒരു സംസ്കാരത്തിലേക്കാണ് പ്രവാചകൻ ആ ജനതയെ വഴി നടത്തിയത്. ഈ പരിഷ്‌കരണ പ്രക്രിയയിൽ അദ്ദേഹത്തിന് മാർഗനിർദേശം ലഭിച്ചത് വിശുദ്ധഖുർആനിലൂടെയായിരുന്നു.

 

മിതത്വത്തിന്റെയും ലാളിത്യത്തിന്റേതുമായിരിക്കണം നമ്മുടെ റമദാൻ. നമ്മുടെ ഷോപ്പിംഗുകളും പർച്ചേസുകളും ആ അർത്ഥത്തിൽ ഏറെ സൂക്ഷമതയോടെയുള്ളതാവട്ടെ.

ഭക്ഷണ വിഭവങ്ങൾ കൊണ്ട് ധൂർത്തും പൊങ്ങച്ചവും കാണിക്കുന്ന ജനതയുടെ വേദനാജനകമായ പര്യവസാനത്തെ കുറിച്ച് പ്രവാചകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. നോമ്പ് തുറയുടെ കൊതിയൂറുന്ന വിഭവങ്ങൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നതും സ്റ്റാറ്റസ് ആക്കി വെക്കുന്നതും ഇന്നിന്റെ ട്രെൻഡും ശീലവുമാണ്. എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത പതിനായിരക്കണക്കിന് മനുഷ്യർ ജീവിക്കുന്ന ഒരു ലോകത്താണ് നമ്മൾ ഉള്ളതെന്ന് നാം മറന്നു പോവരുത്.

 

ദാരിദ്ര്യവും പട്ടിണിയും നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഓർത്തുകൊണ്ടായിരിക്കണം നമ്മൾ റമദാനിൽ ജീവിക്കേണ്ടത്. പരക്ഷേമതത്പരത ശീലമാക്കാനും പ്രവാചകന്റെ സഹജീവി സ്നേഹം മാതൃകയാക്കാനും നമുക്ക് കഴിയണം.

വിശപ്പിന് മതമോ ജാതിയോ ഇല്ല. തന്റെ ചുറ്റിലും ജീവിക്കുന്ന പച്ച മനുഷ്യരുടെ പ്രയാസത്തിലും ദുഖത്തിലും ചേർന്ന് നിൽക്കാൻ സാധിക്കാത്തവരെ ദൈവവും ചേർത്തുനിർത്തുകയില്ല. നോമ്പിന്റെ വിശപ്പിലൂടെ ലോകത്ത് പട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യമക്കളോട് നമ്മൾ ഐക്യപ്പെടുകയാണ്.

 

മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ രാജ്യത്ത് ഫാഷിസ്റുകൾ വർഗീയത ആളിക്കത്തിച്ചുകൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണിത്. ചില പ്രത്യേക വിഭാഗങ്ങളുടെ മതചിന്ഹങ്ങൾ ഭീകരതയുടെയും തീവ്രവാദത്തിന്റെയും പര്യായങ്ങളായി ചാപ്പയടിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയകളിലൂടെയുള്ള ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് മറ്റുള്ളവരെയും സ്നേഹിക്കാനാണ്. പരമതവിദ്വേഷവും വെറുപ്പും ഒരു മതഗ്രന്ഥങ്ങളിലും നമുക്ക് വായിക്കാൻ സാധിക്കുകയില്ല. ഈ ചേർത്തുപിടിക്കലിന്റെ സുന്ദരമായ കാഴ്ചകൾ നാട് മുഴുവനും കൂടുതൽ പ്രകടമാവുന്നു എന്നതും ഈ മാസത്തിന്റെ പ്രത്യേകതയാണ്. റമദാനിൽ നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മതവും സമുദായവും നോക്കിയുള്ളതല്ല. ആവശ്യകതയും അർഹതയും മാത്രമാണ് അതിന്റെ മാനദണ്ഡം. ജീവിതയാത്രയിൽ ഇടക്ക് വെച്ച് പല കാരണങ്ങൾ കൊണ്ട് വീണുപോയവരെ എഴുന്നേല്പിക്കാനുള്ള പ്രചോദനമാണ് റമദാൻ. ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടുപോയ ഹതഭാഗ്യർക്ക് അതിന്റെ നിറങ്ങൾ തിരിച്ചു പിടിച്ചു കൊടുക്കാനുള്ള മത്സരം കൂടിയാണീ സന്ദർഭം.

 

കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മാസമായ റമദാനിൽ മറ്റുള്ളവരിലേക്ക് സ്നേഹമായി നമുക്ക് പെയ്തിറങ്ങാൻ സാധിക്കണം. സാന്ത്വനത്തിന്റെ ജീവിത മാതൃകകളാവാൻ നോമ്പ് നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്.

 

ഈ മാസം ഉറങ്ങിത്തീർക്കാനോ അലസമായി സമയം തള്ളിനീക്കാനോ ഉള്ളതുമല്ല. കർമ്മ നൈരന്തര്യത്തിന്റെയും സജീവതയുടെയും മാസം കൂടിയാണിത്. ദൈവസാമീപ്യം കൂടുതൽ കര സ്ഥമാക്കാനുള്ള തീവ്രമായ ശ്രമങ്ങൾ ബോധപൂർവം നടക്കേണ്ടതുണ്ട്. അധർമ്മത്തിനെതിരെ ധർമ്മം വിജയിച്ച വിശുദ്ധപോരാട്ടമായ ബദർ സംഭവിച്ചത് ഇതേപോലെയൊരു റമദാനിൽ തന്നെയായിരുന്നു. പോർക്കളത്തിലുള്ള അവരുടെ പോരാട്ടവീര്യത്തിനു മൂർച്ഛയേറിയത് അവർ നോമ്പുകാരായത് കൊണ്ട് കൂടിയായിരുന്നു. സയണിസ്റ്റ് ധിക്കാരത്തിന്റെ മുന്നിൽ തങ്ങളുടെ അവസാനശ്വാസം വരെ പൊരുതിനിൽക്കുമെന്ന് തീരുമാനിച്ചൊരു കൂട്ടരുണ്ടിവിടെ. പിറന്ന നാട്ടിൽ സ്വാന്തന്ത്ര്യത്തോടെ ജീവിക്കാൻ ജൂതപ്പരിഷകളോട് പൊരുതുന്ന ഗസയിലെ മനുഷ്യരെ ഓർത്തു കൊണ്ടായിരിക്കണം റമദാനിലെ നമ്മുടെ ഓരോ പ്രാർത്ഥനകളും. ഫലസ്തീനികളോട് ഐക്യപ്പെടാനും അവർക്ക് വേണ്ടി ശബ്‌ദിക്കാനും നോമ്പ് നമ്മെ പ്രാപ്തമാക്കേണ്ടതുണ്ട്.

 

വിശ്വാസികൾക്ക് ഈ ലോകത്തെ ജീവിതം സ്വർഗത്തിലേക്കുള്ള ഒരു വിശുദ്ധ യാത്രയാണ്. റമദാൻ എന്നത് ആ യാത്രയിലെ വിശ്രമിക്കാനും തീർന്നു പോയ പാഥേയം ഒരുക്കാനുമുള്ള ഒരിടത്താവളം ആണ്. സ്വർഗത്തിലേക്കുള്ള യാത്രയിൽ ക്ഷീണമകറ്റി ഊർജവും ഉന്മേഷവും ആർജ്ജിച്ചെടുത്ത് അതിവേഗം മുന്നേറാൻ നമ്മെ സജ്ജമാക്കുന്ന മാസം.

എല്ലാവർക്കും റമദാനിന്റെ നന്മകളും ആശംസകളും നേരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!