മനാമ: പുണ്യമാസമായ റമളാനെ വരവേൽക്കാൻ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൂന്നര പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവർത്തിച്ച് വരുന്ന സമസ്ത ബഹ്റൈൻ അതിൻ്റെ കേന്ദ്ര ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കേന്ദ്രീകരിച്ചാണ് ഇഫ്ത്താർ വിരുന്നിൻ്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സുമനസ്സുകളുടെ സഹായത്തോടെ വർഷം തോറും നടത്തിവരാറുള്ള ഇഫ്ത്താർ വിരുന്ന് റമളാനിലെ 30 ദിവസവും ദിനേനെ 600 ൽ പരം ആൾക്കാരാണ് ഉപയോഗപ്പെടുത്തുന്നത്. പ്രാർത്ഥനാനിർഭരമായ സദസ്സും, ഹൃസ്യമായ ഉദ്ബോധനവും ഇഫ്ത്താർ വിരുന്നിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
റമളാനിലെ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് നിസ്കാരം സമീപത്തുള്ള മസ്ജിദിൽ രാത്രി 10 മണിക്കും, രാത്രി 11 മണിക്ക് മദ്റസയിൽ വെച്ചും കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. സ്ത്രീകൾക്കും രാത്രി 7:30 ന് മദ്റസയിൽ നിസ്കാര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പുരുഷന്മാർക്ക് എല്ലാ വെള്ളിയാഴ്ചയും 4 മണിക്ക് വിജ്ഞാന സദസ്സും, സ്ത്രീകൾക്ക് ഞായർ , ബുധൻ ദിവസങ്ങളിൽ രാവിലെ 10:30 മുതൽ 11:30 വരെ ഫാമിലി ക്ലാസ്സും മദ്റസ വിദ്യാർത്ഥികൾക്ക് ഖുർആൻ ഹിഫ്ള്, നിസ്കാര പ്രാക്ടിക്കൽ ക്ലാസ്സ് എന്നിവ ശനി, ഞായർ, ബുധൻ ദിവസങ്ങളിൽ വൈകിട്ട് 330 മുതൽ 4:30 വരെയും നടത്തപ്പെടും.