മനാമ: ‘വാക്കനൽ’ എന്ന പേരിൽ നടത്തിയ വനിത ദിന പരിപാടിയുടെ ഉദ്ഘാടനം മാഹൂസിലെ ലോറൻസ് ഹാളിൽ വച്ച് മാധ്യമ പ്രവർത്തകയും എഴുത്തു കാരിയുമായ മീരാ രവി നിർവഹിച്ചു. “കമ്പോള വൽക്കരിക്കപ്പെടുന്ന സ്ത്രീ”എന്ന വിഷയത്തിൽ സ്ത്രീകൾ സമൂഹത്തിൻ്റെ കണ്ണിൽ വെറും ഉപഭോഗവസ്തു മാത്രമായി മാറുകയാണ്, സ്വയം ഒരു വസ്തു മാത്രമായി തീരാൻ സ്ത്രീകൾ അറിഞ്ഞോ അറിയാതെയോ തയ്യാറാവുന്നുണ്ടോ എന്നത് പരിശോധിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിറത്തിന്റെയും വസ്ത്രത്തിന്റെയും അളവുകോൽ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തപ്പെടുകയാണ്. ജീവിതത്തിന്റെ ബാല്യ -കൗമാര- യൗവന – വാർദ്ധക്യ കാലഘട്ടങ്ങളിലെല്ലാം സമൂഹം നിഷ്കർഷിക്കുന്ന ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാൻ അവൾ നിർബന്ധിക്കപ്പെടുകയാണ്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും സ്ത്രീ വിവേചനം നേരിടേണ്ടിവരുകയാണെന്നും മീരാ രവി ചൂണ്ടിക്കാട്ടി.
മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ വീഡിയോ സന്ദേശത്തിലൂടെ വാക്കനിലിന് വനിതാദിനാശംസകൾ നേർന്നു. ലോക കേരള സഭ അംഗവും രക്ഷാധികാരി സമിതി അംഗവുമായ സി. വി നാരായണൻ, ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, ജോയിന്റ് സെക്രട്ടറി സജിഷ പ്രജിത്ത്, വൈസ് പ്രസിഡണ്ട് നിഷാ സതീഷ് എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന “സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷം” എന്ന വിഷയത്തിൽ ഓരോരുത്തരും അവരുടെ പ്രശ്നങ്ങൾ മനസ്സ് തുറന്നു മറ്റുള്ളവരോട് പങ്കിടുകയും എല്ലാവരോടും തുറന്നു ഇടപെടുകയും ചെയ്താൽ ഒരു പരിധിവരെ മാനസിക സംഘർഷം ഒഴിവാക്കാൻ കഴിയുമെന്ന് പ്രശസ്ത കൗൺസിലർ കൂടിയായ രേഖ ഉത്തമൻ ചൂണ്ടിക്കാട്ടി. പ്രതിഭയിലെ നാലു മേഖലാ വനിതാ വേദി പ്രവർത്തകർ അവതരിപ്പിച്ച വ്യത്യസ്തമായ പരിപാടികൾ, പ്രതിഭാ സ്വരലയ വനിതകൾ അവതരിപ്പിച്ച ഗാനമേള, ഫിലിം ക്ലബ് ഒരുക്കിയ ‘സെലിബ്രേറ്റ് വിത്ത് ഹേർഎന്ന ഹ്രസ്വ സിനിമ, സഹൃദയ നാടൻപാട്ട് സംഘം വനിതകൾ അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ വനിതാദിനഘോഷത്തിന് മാറ്റുകൂട്ടി. പരിപാടിയുടെ കൺവീനർ രഞ്ജു ഹരീഷ് നന്ദി രേഖപ്പെടുത്തി.