പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വികസന അജണ്ടയുടെ അംഗീകാരമായിട്ടാണ് ഈ ഭരണ തുടർച്ചയെ താൻ കാണുന്നതെന്നു ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസഫലി അഭിപ്രായപ്പെട്ടു. വ്യത്യസ്ത മേഖലകളിൽ സർക്കാർ കൊണ്ടുവന്ന പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങളുൾപ്പടെ ജനങ്ങൾക്ക് വേണ്ടി രൂപീകരിച്ച വിവിധ പദ്ധതികൾ എന്നിവ ഈ വലിയ വിജയത്തിൽ നിർണായകമായി.
ഇന്ത്യയിലെ എൻആർഐ നിക്ഷേപകരെന്ന നിലയിൽ തങ്ങൾക്കു മോദി ഗവൺമെന്റ് വളരെ ലളിതവും സുതാര്യവുമായ പ്രവർത്തന സാഹചര്യമാണ് ഉറപ്പു വരുത്തിയതെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ എൻആർഐകൾ മാത്രമല്ല അന്താരാഷ്ട്ര നിക്ഷേപകർക്കും ഇന്ത്യയിൽ കൂടുതൽ സാദ്ധ്യതകൾ തുറന്നിടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മോദിയുടെ കീഴിൽ ഇന്ത്യാ-ഗൾഫ് ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വർഷങ്ങൾ. വിവിധ ലോക നേതാക്കളുമായി മോദി സ്ഥാപിച്ചെടുത്ത ഈ ബന്ധം വരും വർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതായിരിക്കും. ഇത് കൂടാതെ ഇപ്പോഴത്തെ ഈ പുതിയ സാഹചര്യം വരും വർഷങ്ങളിൽ യുവ തലമുറക്ക് വളരെയധികം അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പ്രത്യാശിച്ചു..