മനാമ: ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ അക്കാദമിക അവാർഡ് ദാന ചടങ്ങു വർണ ശബളമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്‌കൂളിൽ ഇന്നലെ (വ്യാഴം) നടന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ 2018-2019 അധ്യയന വർഷത്തിൽ സി.ബി.എസ്.ഇ. പരീക്ഷകളിൽ മികവ് പുലർത്തിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങു മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ വിശിഷ്ടാതിഥി ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രുപവാല, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, അഡ്വ. ബിനു മണ്ണിൽ വറുഗീസ്, രാജേഷ് നമ്പ്യാർ, അജയകൃഷ്ണൻ വി, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
സാമൂഹ്യ പ്രവർത്തൻ മുഹമ്മദ് മാലിം, പിആർഎം മാർക്കറ്റിങ് കൺസൾട്ടൻസി ചെയർമാൻ പി.കെ. രവി എന്നിവരും ചടങ്ങിൽ പങ്കുകൊണ്ടു. ഒമ്പതു മുതൽ മുതൽ പന്ത്രണ്ടു വരെ ക്‌ളാസുകളിൽ പഠന മികവ് പുലർത്തിയ മുന്നൂറോളം വിദ്യാർത്ഥികൾ ഈ വിദ്യാഭ്യാസ പുരസ്‌കാരദാന ചടങ്ങിൽ അവാർഡുകളും സർട്ടിഫിക്കറ്റുകളും ഏറ്റു വാങ്ങി. പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ 98 ശതമാനം മാർക്കോടെ ഇന്ത്യൻ സ്‌കൂൾ ടോപ്പറായ മറിയം റോസ് വി ഗ്രിഗറിയും പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനം പങ്കിട്ട ആരോൺ ഡൊമിനിക് ഡികോസ്റ്റയും സൂസൻ മരിയ ബിനുവും ഉൾപ്പെടെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ പുരസ്കാരം സമ്മാനിച്ചു. ഇന്ത്യൻ സ്‌കൂൾ വാർത്താ പത്രികയായ ടൈഡിങ്‌സ് അദ്ദേഹം പ്രകാശനം ചെയ്തു. അക്കാദമിക മികവ് പുലർത്തുന്ന സ്‌കൂളിന്റെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിച്ചു.
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ അധ്യക്ഷ പ്രസംഗം നടത്തി. ഇന്ത്യൻ സ്‌കൂൾ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പിന്തുണ നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. തുടർച്ചയായി അക്കാദമിക മികവ് നേടിയെടുക്കുന്നതിൽ ഇന്ത്യൻ സ്‌കൂൾ പ്രതിജ്ഞാബദ്ധമാണെന്നു പ്രിൻസ് നടരാജൻ പറഞ്ഞു.
പ്രിൻസിപ്പൽ പളനിസ്വാമി അക്കാദമിക റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി.എസ്.ഇ പരീക്ഷകളിൽ ഇന്ത്യൻ സ്‌കൂൾ മികച്ച വിജയശതമാനവും മികച്ച സ്‌കൂൾ ശരാശരിയുമാണ് നേടിയതെന്നും വിദ്യാർത്ഥികളുടെ കഠിനദ്ധ്വാനവും അദ്ധ്യാപകരുടെ അര്പ്പണ ബോധവും മാതാപിതാക്കളുടെ സഹകരണവും എക്സിക്യുട്ടീവ് കമ്മിറ്റിയുടെ പിന്തുണയും മാർഗനിർദേശവും ഈ വിജയത്തിൽ പങ്കുവഹിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു. ഇന്ത്യൻ സ്‌കൂളിനു എന്നും അഭിമാനിക്കാവുന്ന വിജയമാണ് ഇതെന്ന് തുടർന്ന് സംസാരിച്ച അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു. അക്കാദമിക് മേഖലയിലെ മികവ് കേന്ദ്രമായി സ്‌കൂളിനെ വളർത്താനുള്ള സംയുക്ത പരിശ്രമങ്ങൾ ഇന്ത്യൻ സ്‌കൂൾ നടത്തുമെന്ന് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
2018-2019 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ മറ്റു ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്ക് മെഡലുകളും A1 ഗ്രേഡ് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ സമ്മാനിച്ചു. പ്രസ്തുത ക്‌ളാസുകളിലെ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. നേരത്തെ ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. സംഘാഗാനവും നൃത്ത പരിപാടികളും ചടങ്ങിന് നിറം പകർന്നു.