മനാമ: പീപ്പിൾസ് ഫോറം ബഹറൈന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം സഗയയിലെ സഗയാ റസ്‌റ്റോറന്റ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ആസാദ് ജെ.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങുകളിൽ പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ സന്നിധനായിരുന്നു. മാധ്യമം എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാനും, ഫ്രണ്ട്സ് അസ്സോസിയേഷന്റെ പ്രസിഡന്റുമായ ജമാൽ നദ്‌വി മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈനിലെ നിരവധി സാംസ്കാരിക സംഘടനാ പ്രതിനിധികളും പീപ്പിൾസ് ഫോറം അംഗങ്ങളും ഉൾപ്പടെ നൂറിൽ പരം പേർ പങ്കെടുത്തു.
റമദാൻ ആത്മശുദ്ധീകരണത്തിനും സഹജീവികളോടുള്ള കാരുണ്യം വർദ്ധിപ്പിക്കുവാനും, ദാനധർമങ്ങൾ നിർവഹിക്കാനും പവിത്രമായ ദിനങ്ങളാണെന്ന് പമ്പാവാസൻ നായർ അഭിപ്രായപ്പെട്ടു. വൃതശുദ്ധിയോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി സ്നേഹ സൗഹൃദ സാഹോദര്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും, സഹജീവികളോടുള്ള കരുണ വർദ്ധിപ്പിക്കുവാനും റമദാൻ സന്ദേശത്തിൽ ജമാൽ നദ്‍വി അറിയിച്ചു.
പീപ്പിൾസ് ഫോറത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുവാനായി രൂപീകരിച്ച പീപ്പിൾസ് ഫോറം ചാരിറ്റി വിംഗായ കനിവിന്റെ ലോഗോ പ്രകാശനവും ഉത്‌ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. കനിവിന്റെ ആദ്യ ധനസഹായം കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ ദുരിതമനുഭവിക്കുന്ന ഫൈസലിന്റെ കുടുബത്തിനു കൈമാറി. വരുന്ന നാലുമാസത്തെ കനിവിന്റെ ധനസഹായം കൂടി അദ്ദേഹത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു.
പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഉജ്ജ്വല വിജയം കരസ്ഥമാക്കിയ പീപ്പിൾസ് ഫോറം കുടുംബാംഗങ്ങളുടെ മക്കളായ മാളവിക ഗോപകുമാർ, മേഘാ ഗോപകുമാർ, സ്നേഹാ ജോജു എന്നീ കുട്ടികളെ സർട്ടിഫിക്കറ്റുകളും, ട്രോഫിയും നൽകി ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ബിജുകുമാർ വി.വി സ്വാഗതവും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും, വനിതാ വിഭാഗം അംഗങ്ങളും ചടങ്ങുകൾക്കു നേതൃത്വം വഹിച്ചു.