മനാമ: എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം മൂലം സർവീസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ, ബഹറൈൻ ആവശ്യപ്പെട്ടു.
വിമാന സർവീസുകൾ മുടങ്ങിയത് കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്. ഗുരുതരാവസ്ഥയിലുള്ള ഉറ്റവരെ കാണാൻ പറ്റാത്തവരും ജോലി നഷ്ടപെട്ട യാത്രക്കാരും ഉണ്ട്. ദൗർഭാഗ്യകരമായ രൂപത്തിൽ കഷ്ട നഷ്ടങ്ങൾ ഉണ്ടായ യാത്രക്കാർക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരും എയർ ഇന്ത്യ മാനേജ്‍മെന്റും ഉടൻ തയ്യാറാകണം.
അവശ്യ സേവന രംഗത്തുള്ള ജീവനക്കാർ മുന്നറിയിപ്പില്ലാതെ സമരം ചെയ്യുന്ന രീതി നീതീകരിക്കാൻ കഴിയുന്നതല്ല. അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ മറ്റുള്ളവരുടെ പ്രാഥമിക അവകാശങ്ങളെ പോലും റദ്ദ് ചെയ്യുന്ന സ്വഭാവത്തിൽ ആയിമാറിയത് അത്യന്തം പ്രതിഷേധാർഹമാണ്. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെൻറ് തയ്യാറാകണം.
സമ്മർ കാലയളവിലെക്കാൾ എത്രയോ ഇരട്ടി യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കമ്പനിക്ക് സാധിച്ചില്ല എന്നത് അത്ഭുതകരമാണ്. ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിച്ച് എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇടപെടണം. കടുത്ത നടപടികളിലേക്ക് ജീവനക്കാരെ തള്ളിവിടും വിധമുള്ള സമീപനങ്ങളിൽ നിന്ന് മാറി രമ്യതയുടെ മാർഗം സ്വീകരിക്കാൻ മാനേജ്മെൻറ് തയ്യാറാകണം.
ജീവനക്കാരുടെ അവകാശ നിഷേധങ്ങൾ, യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നൽ സമരങ്ങൾ, ഉയർന്ന യാത്രാ നിരക്ക് തുടങ്ങി ഈ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടൽ ഉണ്ടാകണമെന്നും അതോടൊപ്പം അവശ്യ സർവ്വീസുകൾ ഉൾപ്പെടെ എല്ലാം സ്വകാര്യവൽക്കരിച്ച് കയ്യൊഴിയുന്ന നിരുത്തരവാദപരമായ കേന്ദ്ര സർക്കാർ സമീപനം തിരുത്തണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.