മനാമ: പാലക്കാട് ആൻഡ് കൾചറൽ തിയറ്റർ (പാക്ട് ബഹ്റൈൻ ) സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ സംഘടിപ്പിക്കുന്ന നൃത്തസംഗീതോത്സവം മേയ് 24ന് കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. ഒരു ദിവസം നീളുന്ന പരിപാടിയായാണ് അരങ്ങേറുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർഥം നടക്കുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ ഒമ്പതിന് പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് ശ്രീറാം ഉദ്ഘാടനം ചെയ്യും.തുടർന്ന് ബഹ്റൈനിൽ സംഗീതമഭ്യസിക്കുന്ന നൂറോളം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തനാലാപനമുണ്ടാകും.വൈകീട്ട് അഞ്ചിന് ശ്രീറാമിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ ഫ്യൂഷൻ നടക്കും.
തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ‘മായിക’ നൃത്തശിൽപം അരങ്ങേറും.50 ലധികം കലാകാരന്മാരാണ് ‘മായിക’യിൽ അരങ്ങേറുക. സംഗീതവും നൃത്തവും സമഞ്ജസമായി സമ്മേളിക്കുന്ന അപൂർവ കലോത്സവത്തിലേക്ക് 5000ത്തോളം കാണികളെ പ്രതീക്ഷിക്കുന്നെന്നും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പാക്ട് ചീഫ് കോഓഡിനേറ്റർ ജ്യോതികുമാർ മേനോൻ, പാക്ട് ബഹ്റൈൻ പ്രസിഡന്റ് അശോക് കുമാർ, സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, സ്റ്റാർ വിഷൻ ഇവന്റസ് മാനേജിങ് ഡയറക്ടർ സേതുരാജ് കടയ്ക്കൽ, ലേഡീസ് വിങ് പ്രസിഡന്റ് സജിത സതീഷ്, ഭാവലയം ജനറൽ കൺവീനർ ശിവദാസ് നായർ, രക്ഷാധികാരി മുരളി മേനോൻ, ‘മായിക’ തിരക്കഥാകൃത്ത് പ്രീതി ശ്രീകുമാർ എന്നിവർ പങ്കെടുത്തു.