മനാമ: ബഹ്റൈനിൽ മെയ് 16 ന് നടക്കുന്ന 33ാമത് അറബ് ഉച്ചകോടിയുടെ മീഡിയ സെന്റർ പ്രവർത്തനമാരംഭിച്ചു. ഇൻഫർമേഷൻ മന്ത്രിയും നാഷണല്‍ കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (എന്‍സിസി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ റംസാൻ ബിൻ അബ്ദുല്ല അന്നുഐമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹമദ് രാജാവിന്റെ മീഡിയ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമറിന്റെ സാന്നിധ്യത്തിൽ ഡിപ്ലോമാറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഉച്ചകോടി റിപ്പോർട്ട് ചെയ്യാനെത്തിയ മീഡിയ പ്രവർത്തകരും അതിഥികളും സന്നിഹിതരായിരുന്നു.
സുപ്രധാനമായ അറബ് ഉച്ചകോടി ബഹ്റൈനിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകളും നയനിലപാടുകളുടെയും കർമസാക്ഷ്യം കൂടിയാണിതെന്നും വ്യക്തമാക്കി. അറബ് ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളിൽ ഐക്യരൂപ നിലപാട് രൂപപ്പെടുത്താനും ഉച്ചകോടിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.