മനാമ: ബഹ്‌റൈൻ രാജകുടുംബത്തിന്റെ അമൂല്യ നിധികളിലൊന്നാണ് അൽ സഖീർ കൊട്ടാരം. രാജ്യത്തിന്റെ ഹൃദയഭൂമിയിൽ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം, അറബ് ലീഗിന്റെ 33-ാമത് സംയുക്ത സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ്. വിശിഷ്ട അതിഥികളായ രാജാക്കന്മാരെയും നേതാക്കളെയും സ്വീകരിക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണിത്.
1901-ൽ നിർമ്മിച്ച് 1932 മുതൽ 1942 വരെ ഭരണം നടത്തിയ ഹിസ് മജസ്റ്റി ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ വസതിയായിരുന്നു ഈ കൊട്ടാരം. 2003 സെപ്റ്റംബർ 16 ന് വ്യാപക പുനരുദ്ധാരണത്തിന് ശേഷം ഇത് വീണ്ടും തുറന്നു. വെളുത്ത കെട്ടിടങ്ങളും മനോഹരമായ കമാനങ്ങളും തൂണുകളും നിറഞ്ഞ അതിമനോഹര വാസ്തുശിൽപകലയാണ് അൽ സഖീറിന്റെ പ്രത്യേകത. ബഹ്‌റൈൻ പാരമ്പര്യത്തിന്റെയും അറബ് സംസ്കാരത്തിന്റെയും മികച്ച ഉദാഹരണമാണിത്.
ബഹ്‌റൈന്റെ ചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങളുടെ സാക്ഷിയാണ് ഈ കൊട്ടാരം. രാജ്യത്തിന്റെ പുരോഗതിക്കും നേട്ടങ്ങൾക്കും കൂടെ നിന്നിട്ടുണ്ട്. ദേശീയ ആഘോഷങ്ങൾ, അംബാസഡർമാരുടെ വിശ്വസ്താപത്ര സ്വീകരണ ചടങ്ങുകൾ, പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ചകൾ, മറ്റ് ഔദ്യോഗിക കൂടിയാലോചനകൾ എന്നിവയ്ക്കെല്ലാം വേദിയാകാറുണ്ട്. 2016 ഡിസംബറിൽ നടന്ന ഗൾഫ് കോ ഓപ്പറേഷൻ കൗൺസിലിന്റെ ഉച്ചകോടി ഇവിടെ നടന്നത് ചരിത്രത്തിന്റെ ഏടുകളിൽ ഇടം നേടിയിട്ടുണ്ട്.
അറബ് ലീഗ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബഹ്‌റൈൻ അറബ് ലോകത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കുകയാണ്. ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ഒരുങ്ങുന്ന അൽ സഖീർ കൊട്ടാരം, ബഹ്‌റൈന്റെ അഭിമാനവും ചരിത്രവും ഭാവിയിലേക്കുള്ള പാലവും കൂടിയാണ്.