മനാമ: ബഹ്റൈൻ പ്രവാസി കുടുംബത്തിലംഗമായ വിദ്യാർഥിനിക്ക് എം.ജി യൂനിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് തിളക്കം. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ ബിരുദ പഠനത്തിൽ സെക്കൻഡ് റാങ്കാണ് മലയാളി വിദ്യാർഥിനി സൽവ സബിനിക്ക് ലഭിച്ചത്.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകൻ സുനിൽ ബാബുവിന്റെയും ഇബ്നുൽ ഹൈത്തം സ്കൂൾ അധ്യാപിക ആമിന സുനിലിന്റെയും മകളാണ് സെൽവ സബിനി. മൂവാറ്റുപുഴ നിർമല കോളജിലായിരുന്നു ബിരുദപഠനം.
ഇബ്നുൽ ഹൈത്തം സ്കൂളിലായിരുന്നു 12 വരെ പഠിച്ചത്. അതിനുശേഷം ബിരുദപഠനത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു. എറണാകുളം സ്വദേശിയായ സുനിൽ ബാബു 27 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.