bahrainvartha-official-logo
Search
Close this search box.

അ​തി​നൂ​ത​ന റി​ട്രോ​ ഗ്രേ​ഡ് ഇ​ന്‍ട്രാ​റി​ന​ല്‍ ശ​സ്ത്ര​ക്രി​യ വഴി മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്ത് ഷിഫാ അൽജസീറ ആശുപത്രി

New Project - 2024-05-23T164941.670

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ മൂത്രവാഹിനിയിലെ കല്ല് നീക്കം ചെയ്യുന്ന അതിനൂതന റിട്രോഗ്രേഡ് ഇന്‍ട്രാറിനല്‍ ശസ്ത്രക്രിയ (ആര്‍ഐആര്‍എസ്) വിജയകരം. ഈ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ വഴി 35 കാരനായ തമിഴ്‌നാട് സ്വദേശിയുടെ മൂത്രവാഹിനിയില്‍ നിന്നും 9.5 മില്ലീമീറ്റര്‍ വലിപ്പമുള്ള കല്ല് ശസ്ത്രക്രിയ വഴി നീക്കി.

 

കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. വിശാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. വാരിയെല്ലിന് താഴെ, ഇടത് ഭാഗത്ത് കഠിനമായ വേദന, മൂത്രത്തില്‍ രക്തം, ചര്‍ദ്ദി എന്നിവയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. യൂറോളജിസ്റ്റ് വിദഗ്ധ പരിശോധനയില്‍ വൃക്കയെ മൂത്രവാഹിനി(യൂറിറ്റര്‍)യുമായി ബന്ധിപ്പിക്കുന്ന പെല്‍വി -യൂറിറ്ററിക് ജംഗ്ഷനില്‍(പിയുജെ) കല്ല് തടസമുണ്ടാക്കിയതായി കണ്ടെത്തി. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനില്‍ കല്ല് അടിഞ്ഞു കൂടുന്നത് ഗുരുതരമായ പ്രശ്‌നം ഉണ്ടാക്കും. ഈ അവസ്ഥയില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ തടയുന്നതിന് സമയബന്ധിതമായ രോഗനിര്‍ണയവും ഇടപെടലും അത്യന്താപേക്ഷിതമാണ്.

 

ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് കല്ലിന്റെ സ്ഥാനം നിര്‍ണ്ണയിച്ചശേഷം ഡിജിറ്റല്‍ ഫ്‌ളെക്‌സിബിള്‍ യൂറിറ്ററോസ്‌കോപ്പ് ഉപയോഗിച്ച് അതിവേഗം ശസ്ത്രക്രിയ നടത്തി. അത്യധുനിക ലേസര്‍ സംവിധാനം ഉപയോഗിച്ച് പിയുജെയില്‍വെച്ച് കല്ല് പൊട്ടിച്ചു. റിട്രോഗ്രേഡ് ഇന്‍ട്രാറിനല്‍ ശസ്ത്രക്രിയ(ആര്‍ഐആര്‍എസ്) എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു മണിക്കൂര്‍ നീണ്ട നടപടിക്രമം പൂര്‍ണ വിജയകരമായിരുന്നു. 24 മണിക്കൂറിനകം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. നൂതന ലേസര്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വഴി രോഗിയുടെ അപകടസാധ്യതകള്‍ കുറക്കുന്നതിനൊപ്പം കല്ലുകള്‍ ഫലപ്രദമായി നീക്കം ചെയ്യാനുമാകുന്നു. രോഗിയുടെ വേഗത്തിലുള്ള വീണ്ടെടുക്കല്‍ ശസ്ത്രക്രിയയുടെ ഫലപ്രാപ്തിയുടെ തെളിവാണെന്ന് ഡോ. വിശാല്‍ വ്യക്തമാക്കി.

 

കണ്‍സള്‍ട്ടന്റ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അദെല്‍ ഗമാല്‍, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അസിം പാലായില്‍ എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. നൂതന വൈദ്യ പരിചരണത്തിനുള്ള ഷിഫ അല്‍ ജസീറ ആശുപത്രിയുടെ പ്രതിബദ്ധതയാണ് ഈ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ഡോ. ആദെല്‍ ഗമാലും ഡോ. അസിം പാലായിലും പറഞ്ഞു. വിപുലമായ വൈദ്യ പരിചരണത്തോടുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ ഈ നേട്ടം അടിവരയിടുന്നു. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലിന് കഴിയും. സുസജ്ജമായ ഡിജിറ്റല്‍ ഓപ്പറേഷന്‍ തിയേറ്ററും, ഐസിയു, അത്യാധുനിക ലേസര്‍ ഉപകരണങ്ങളും സങ്കീര്‍ണ്ണമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച വിദഗ്ധ ഡോക്ടര്‍മാരും സ്റ്റാഫും ഇവിടെ ഉണ്ട്.

 

സാധാരണയായി 9 മില്ലീമീറ്ററിനും 20 മില്ലീമീറ്ററിനും ഇടയിലുള്ള വലിയ കല്ലുകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ആര്‍ഐആര്‍എസ്. നൂതന ലേസര്‍ സാങ്കേതിക വിദ്യയുടെ കൃത്യവും കാര്യക്ഷമവുമായ ഉപയോഗം ചുറ്റുമുള്ള ടിഷ്യൂകള്‍ക്ക് ദോഷം വരുത്താതെ കല്ലുകള്‍ സുരക്ഷിതമായി നീക്കംചെയ്യാന്‍ പ്രാപ്തമാക്കുന്നു, ഇമേജ് ഇന്റന്‍സിഫയറിന്റെ (സിആം) സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
മനാമയിലെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അത്യാധുനിക സാങ്കേതികവിദ്യയിലും ഉയര്‍ന്ന വൈദഗ്ധ്യത്തിലുമുള്ള യൂറോളജി വിഭാഗം പ്രവര്‍ത്തിക്കുന്നതായി മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. യൂറോളജിയിലെ നിയമനത്തിന് 17288000 എന്ന നമ്പറിലോ 16171819 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!