മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളിലൊന്നായ ‘ആലേഖ് 24’ ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ആലേഖ് 24 ജൂൺ 14നു വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി നടത്താനുള്ള ഒരുക്കം തുടങ്ങിയതായും അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂൾ അധികൃതർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പങ്കെടുത്തു.
സർഗ്ഗാത്മക കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ചിത്ര രചനാ മത്സരം. എല്ലാ തലങ്ങളിലുമുള്ള കലാകാരന്മാർക്ക് അവരുടെ കഴിവും സർഗ്ഗാത്മകതയും കലയോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാർഷിക ആഘോഷമായി ആലേഖ് നടത്താൻ സ്കൂൾ പദ്ധതിയിടുന്നു. ബഹ്‌റൈനിലുടനീളമുള്ള സ്‌കൂളുകളിൽ നിന്ന് 5 മുതൽ 18 വയസ്സുവരെയുള്ള പ്രായപരിധിയിലെ വിഭാഗങ്ങൾ പങ്കെടുക്കും. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മത്സരത്തിനായി വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ സ്‌കൂളുകളോട് അഭ്യർത്ഥിക്കുന്നു.
ഗ്രൂപ്പ് പെയിന്റിങ് മത്സരം ‘ഹാർമണി’ ആലേഖിന്റെ ഒരു പ്രത്യേകതയാണ് . രജിസ്ട്രേഷനും ബ്രീഫിംഗ് സെഷനുകളുമായി അന്ന് മത്സരം ആരംഭിക്കും, തുടർന്ന് ഓരോ പ്രായക്കാർക്കും നിയുക്ത ഡ്രോയിംഗ്, പെയിന്റിങ് സെഷനുകൾ നടക്കും. അതേ ദിവസം അവാർഡ് ദാന ചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കും. സ്കൂൾ മേളയിൽ തിരഞ്ഞെടുത്ത പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. ബഹ്‌റൈനിലെ യുവ കലാകാരന്മാരുടെ സർഗ്ഗാത്മകതയെ ആഘോഷിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ എല്ലാ കലാപ്രേമികളെയും രക്ഷിതാക്കളെയും സമൂഹത്തിലെ അംഗങ്ങളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39152628, 39804126,36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. എൻട്രികൾ isbart@indianschool.bh എന്ന ഇമെയിലിലേക്ക് അയക്കാം. രജിസ്ട്രേഷന്റെ അവസാന ദിവസം ജൂൺ 7 ആയിരിക്കും.