മനാമ: പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരമേകാനുമായി മാസം തോറും നടത്തി വരുന്ന ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് മെയ് 31 ന് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം, കോൺസുലർ ടീം, പാനൽ അഭിഭാഷകർ എന്നിവർ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടന്ന സംവാദത്തിൽ 20 ൽപരം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.
എംബസിയുടെ 24×7 ഹെൽപ്പ് ലൈൻ മൊബൈൽ നമ്പർ – 39418071 ഉപയോഗിച്ച് വ്യാജന്മാർ വ്യക്തിഗത വിവരങ്ങൾ ചോദിച്ചുവാങ്ങുകയോ പണമയ്ക്കൽ ആവശ്യപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ച് കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ജാഗ്രത നൽകി. എംബസി ഉദ്യോഗസ്ഥർ ഈ നമ്പറിൽ നിന്ന് ഇന്ത്യക്കാരെയോ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയോ വിളിക്കാറില്ലെന്ന് വ്യക്തമാക്കി. സമാനരീതിയിലുള്ള വ്യാജ കോളുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും വ്യക്തിഗത വിവരങ്ങളോ പണമോ നൽകരുതെന്നും സംവാദത്തിൽ ഊന്നിപ്പറഞ്ഞു.
രാവിലെ എംബസി പരിസരത്ത് നടന്ന യോഗ പരിപാടിയുടെ വിജയത്തെക്കുറിച്ചും 60 ൽപരം അംഗങ്ങൾ സജീവമായി പങ്കെടുത്തതിനെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. മെയ് മാസത്തിൽ നിരവധി ഹൗസ് മെയ്ഡ്/തൊഴിലാളി സംബന്ധമായ കേസുകൾ പരിഹരിച്ചതിൽ അംബാസഡർ സംതൃപ്തി രേഖപ്പെടുത്തി. പ്രാദേശിക അധികാരികൾക്കും അസോസിയേഷനുകൾക്കും അവരുടെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) വഴി പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് ഹൗസ് മെയ്ഡുകൾ എന്നിവർക്ക് താമസ സൗകര്യം നൽകുന്നതും അടിയന്തര സർട്ടിഫിക്കറ്റുകളും ആവശ്യമുള്ളവർക്ക് ടിക്കറ്റുകളും നൽകുന്നത് തുടരുമെന്നും ഓപ്പൺ ഹൗസിൽ വ്യക്തമാക്കി.