മനാമ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി ഗ്ലോബല്‍ തലത്തില്‍ 5,000 കേന്ദ്രങ്ങളില്‍ പരിസ്ഥിതി സൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 4 മുതല്‍ 9 വരെയുള്ള കാലയളവിലാണ് ഇക്കോ വൈബ് എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നാം വസിക്കുന്ന ഭൂമിയും അതിലെ വിഭവങ്ങളും കരുതലോടെ ഉപയോഗിക്കുക എന്നത് സമൂഹത്തെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. ബഹ്‌റൈനിൽ 200 കേന്ദ്രങ്ങളിലാണ് ഇക്കോ വൈബ് നടക്കുന്നത്.
രിസാല സ്റ്റഡി സര്‍ക്കിളിന്റെ യൂനിറ്റ് തലങ്ങളില്‍ താമസ ഇടങ്ങള്‍ സന്ദര്‍ശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങള്‍ നടക്കും. താമസ കെട്ടിടങ്ങളിലെ പരിമിതമായ സ്ഥലങ്ങളില്‍ ചെടികളും പച്ചക്കറികളും സജ്ജീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും പറവകള്‍ക്ക് കുടിക്കാന്‍ വെള്ളം ഒരുക്കി വെക്കുന്നതിനെ കുറിച്ചും സൗഹൃദ സംഗമങ്ങളില്‍ പങ്കുവെക്കും.
ഇക്കോ വൈബ് ക്യാമ്പയിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വെബ്ബിനാര്‍, പരിസ്ഥിതി പഠനം, ചിത്രരചനാ മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.