മനാമ: കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന ഫുട്ബാൾ മത്സരങ്ങളും വിവിധ വിനോദ പരിപാടികളുമായി മീഡിയവൺ ബഹ് റൈനിൽ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് 2024 സോക്കർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജൂൺ 06 വ്യാഴം, 07 വെള്ളി ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ് ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത്. കാൽപന്ത് കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയവൺ സൂപ്പർ കപ്പ് മത്സരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.
ബഹ്റൈൻ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ -ബിഫ- യുമായി സഹകരിച്ചാണ് ഫുട്ബാൾ മാമാങ്കം ഒരുക്കുന്നത്.വ്യാഴാഴ്ച രാത്രി 8.30ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് സൂപ്പർ കപ്പിനു ഔപചാരികമായി തുടക്കം കുറിക്കുക. ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗങ്ങൾ,സ്വദേശി പ്രമുഖർ,സ്പോർട്സ് താരങ്ങൾ ,ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ,വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വ്യാഴം രാത്രി ഒമ്പതിന് ആദ്യ മത്സരങ്ങൾ നടക്കും.വെള്ളിയാഴ്ച വൈകീട്ട് ഏഴു മുതൽ സോക്കർ ഫെസ്റ്റിവൽ ആരംഭിക്കും. വനിതകൾക്കും കുട്ടികൾക്കുമായുള്ള പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം, പായസ മത്സരം, വിവിധ ഇൻസ്റ്റന്റ് മത്സരങ്ങൾ എന്നിവയോടൊപ്പം ജ്വാല മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ, സഹൃദയ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, വിവിധ പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറും. 9.00 മണി മുതൽ ആവേശകരമായ സെമി ഫൈനൽ, ഫൈനൽ ഫുട്ബാൾ മത്സരങ്ങളും നടക്കും.
ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച വിപുലമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ മുന്നൊരുക്കങ്ങൾ നടന്നത്.സൂപ്പർ കപ്പ് മത്സരങ്ങൾ നേരിൽകാണാനും കളിയോടൊപ്പം വിവിധ കലാ പ്രകടനങ്ങൾ കുടുംബസമേതം ആസ്വദിക്കാനുമുള്ള അവസരം കൂടിയായി മാറും മീഡിയവൺ സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റിവൽ. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.