മനാമ: ഇന്ത്യൻ പാർലമെൻ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷ സമൂഹത്തിനെ രാജ്യത്ത് നിലനിൽപ്പുള്ളൂ എന്ന് തെളിയിച്ചതായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മതനിരപേക്ഷ ഇന്ത്യ സാധ്യമാണ് ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മതേതര ഇന്ത്യയുടെ തിരിച്ചുവരവും വെറുപ്പിനും വിദ്വേഷത്തിനും എതിരായ ജനഹിതവും മതവിശ്വാസങ്ങൾക്കപ്പുറം സാധാരണ മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതിന്‍റെ ആവശ്യകതയും മനസ്സിലാക്കിത്തരുന്നതായിരുന്നു തെരഞ്ഞെടുപ്പ് എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൻറെ മേൽവിലാസത്തിൽ ദളിതർ, സ്ത്രീകൾ, കർഷകർ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ മനുഷ്യരെ വർഗീയമായും വംശീയമായും ആക്രമിച്ചും ഭിന്നിപ്പിച്ചും മനുഷ്യരുടെ ചിന്താ സ്വാതന്ത്ര്യത്തെയും യുക്തി ബോധത്തെയും തകർക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മനുഷ്യർക്കിടയിൽ വിവേചനം ഉണ്ടാക്കുകയും വിദ്വേഷം വളർത്തുകയും ചെയ്തവർക്കെതിരെയുള്ള താക്കീദായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വെറുപ്പും വിദ്വേഷവും പടർത്തുന്ന സമൂഹമായി ഇന്ത്യൻ ജനത മാറാതിരിക്കണമെങ്കിൽ ജനാധിപത്യ രാഷ്ട്രീയത്തിൽ ജനങ്ങൾക്കുള്ള സ്വയം നിര്‍ ണയാവകാശം വീണ്ടെടുക്കപ്പെടണം. അത് വീണ്ടെടുക്കപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
സാധാരണ മനുഷ്യർക്കും ദുർബല വിഭാഗങ്ങൾക്കും എതിരെ ഭരണകൂടം നടത്തുന്ന കയ്യേറ്റങ്ങളെ തുറന്നെതിർക്കുന്ന ഒരുകൂട്ടം മനുഷ്യർ ഉണ്ടായി വരുന്ന കാഴ്ച. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങൾ ഐക്യപ്പെടുന്ന കാഴ്ച. ഭരണകൂടം ഉയർത്തിയ വിദ്വേഷ രാഷ്ട്രീയത്തിന് ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷ മണ്ണിൽ സ്ഥാനമില്ല എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. ഒരു യഥാർത്ഥ ജനാധിപത്യ രാഷ്ട്രീയാവസ്ഥയിലേക്ക് ഇന്ത്യ കടന്നു ചെല്ലുകയും ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടായി വന്നിരിക്കുന്നു എന്നും ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സൗന്ദര്യം നിലനിർത്തി സാമൂഹ്യനീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള മുന്നേറ്റം ലക്ഷ്യത്തണയും എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ഷാഹുൽ ഹമീദ് വെന്നിയൂർ നയിച്ച ടോക് ഷോയിൽ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ഷിജിന ആഷിക് വിഷയവതരണം നടത്തി. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന അബ്രഹാം ജോൺ, സാനി പോൾ, റംഷാദ് അയിലക്കാട്, രാമത്ത് ഹരിദാസ്, കെ. ടി സലിം, മജീദ് തണൽ, പ്രമോദ്, ജലീൽ മല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, ഷരീഫ് കായണ്ണ, ആഷിക് എരുമേലി, ഫസലുർ റഹ്മാൻ പൊന്നാനി, നൗഷാദ് തിരുവനന്തപുരം, അബ്ദുൽ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം. മുഹമ്മദലി സ്വാഗതം ആശംസിച്ച ടോക് ഷോയിൽ മനാമ സോണൽ പ്രസിഡൻ്റ് അബ്ദുല്ല കുറ്റ്യാടി നന്ദി പറഞ്ഞു.