മനാമ: ഓൾഡ് മനാമ സൂഖിൽ ഇന്നലെ ജൂണ്‍ 12 ബുധനാഴ്ച ഉണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റിലെ പബ്ലിക് പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. സംഭവം നടന്നയുടൻ പ്രോസിക്യൂട്ടര്‍മാര്‍ തീപിടിത്ത സ്ഥലം സന്ദർശിക്കുകയും പ്രാഥമിക പരിശോധന നടത്തിയതായും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുകയും പബ്ലിക് പ്രോസിക്യൂഷന്റെ ഫോറന്‍സിക് ഡോക്ടറെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിയമിക്കുകയും ചെയ്തതായും പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തീ പിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ദൃക്‌സാക്ഷികളുടെ വിവര ശേഖരണം നടത്തുകയും സാങ്കേതിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ചെയ്യാന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് എന്നിവയുടെ ക്രൈം സീന്‍ ടീമിനെ പബ്ലിക് പ്രോസിക്യൂഷന്‍ നിയോഗിച്ചിരിക്കുന്നതായും സംഭവത്തിന്റെ സാഹചര്യങ്ങളും വിശദാംശങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേ സമയം തീ പിടിത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിൽ പുലർച്ചയോടെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്നും നടത്തിയ തിരച്ചിലിലാണ് തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. വ്യക്തിഗത വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ഏഴ് പേർ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയിൽ ആഫ്രിക്കൻ വംശജരാണ് താമസിച്ചിരുന്നതെന്ന് പരിസരവാസികൾ പറയുന്നു. ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്സ് ഷോപ്പിന് പിറകിലുളള ഷോപ്പിനാണ് ബുധനാഴ്ച വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വസ്ത്രഷോപ്പുകളും ചെരിപ്പുകടകളും പെർഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖിൽ അടുത്തടുത്തായി പ്രവർത്തിക്കുന്നത്. പല കടകളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. നിരവധി പ്രവാസി മലയാളികൾ അടക്കമുള്ളവരുടെ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.
സിവിൽ ഡിഫൻസ് ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്ര ശ്രമം നടത്തുകയായിരുന്നു. പുലർച്ചയോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചത്. സിവിൽ ഡിഫൻസും പൊലീസ് അധികൃതരും സമീപപ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.