മനാമ: ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന പ്രമേയത്തെ കേന്ദ്രീകരിച്ച് ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് രാജ്യാന്തര യോഗ ദിനം ആവേശപൂർവ്വം ആചരിച്ചു. വ്യക്തിപരമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിലും സാമൂഹിക ക്ഷേമം പരിപോഷിപ്പിക്കുന്നതിലും യോഗയുടെ പ്രാധാന്യമാണ് ഈ വർഷത്തെ ആഘോഷത്തിനു അടിവരയിടുന്നത്. കായിക വിഭാഗം അധ്യാപകരുടെ മാർഗനിർദേശപ്രകാരം, വിദ്യാർത്ഥികൾ യോഗയോടുള്ള തങ്ങളുടെ സമർപ്പണം വിവിധ പരിശീലനങ്ങളിലൂടെ പ്രദർശിപ്പിച്ചു.
അവർ ശ്വസന വ്യായാമങ്ങളിൽ ഏർപ്പെടുകയും വൃക്ഷാസനം, പത്മാസനം തുടങ്ങിയ ആസനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. യോഗയുടെ സമഗ്രമായ നേട്ടങ്ങൾ ഊന്നിപ്പറഞ്ഞ അധ്യാപകർ, അത് അവരുടെ ദൈനംദിന ജീവിതത്തിലേക്ക് സമന്വയിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, ദൈനംദിന ജീവിതത്തിൽ യോഗയുടെ അഗാധമായ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ടുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു. യോഗ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ അഭിനന്ദിച്ചു.