മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ -പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച സി സി ബി ഐലൻഡ് സിങ്ങർ സീസൺ 1- പവിഴദ്വീപിലെ പാട്ടുമത്സരം 2024ൽ തൃശൂർ സ്വദേശി എൽദോ എഡിസൺ വിജയിയായി. അനിൽകുമാർ ടി. വി- കാസർഗോഡ് ഫസ്റ്റ് റണ്ണറപ്പായും, നിത്യാ റോഷിത്-കോഴിക്കോട് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 21 നു വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ തിങ്ങിനിറഞ്ഞ സദസ്സിൽ വൈകീട്ട് 6 മണിക്ക് തുടങ്ങി 6 മണിക്കൂർ നീണ്ടുനിന്ന ലൈവ് റിയാലിറ്റി പാട്ടു മത്സരം പവിഴദ്വീപിന് പുതിയൊരനുഭവമായി. ആദ്യ റൌണ്ട് മത്സരങ്ങൾക്കായി ഓൺലൈൻ വീഡിയോ ഗാനങ്ങളായി ലഭിച്ച 55 എന്ററികളിൽ 34 മത്സരാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടിൽ നിന്നും12 പേരാണ് ലൈവ് സിംഗിംഗ് മത്സരമായ ഫിനാലെയിലേക്കു തിരഞ്ഞെടുത്തത്. ഫിനാലെയിൽ പ്രകടനം വിലയിരുത്തി 6 പേരാണ് രണ്ടു റൗണ്ടുകളുള്ള ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയത്. ഗ്രാൻഡ് ഫിനാലെയിലെത്തിയ 6 പാട്ടുകാരിൽ മൂന്ന് പേർ ബഹ്‌റൈൻ വേദികളിൽ പുതു ശബ്ദങ്ങളാണ്. അതുതന്നെയാണ് ഈ മത്സരത്തിന്റെ കണ്ടെത്തലും. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള തൊഴിലാളികളും, വീട്ടമ്മമാരും, അധ്യാപകരും ചേർന്ന ഒരു വിഭാഗവും ബഹ്‌റൈനിൽ അറിയപ്പെടുന്ന പാട്ടുകാർക്കൊപ്പത്തിനൊപ്പം തുടക്കം തൊട്ടു ഗ്രാൻഡ് ഫിനാലെ വരെ എത്തി എന്നതും ഈ മത്സരത്തെ വ്യത്യസ്തമാക്കുന്നു.
വിധികർത്താക്കളായി നാട്ടിൽ നിന്നും എത്തിയത് പിന്നണി ഗായകരും, സംഗീതാദ്ധ്യാപകരുമായ അജയ് ഗോപാൽ, റോഷ്‌നി സുരേഷ് എന്നിവരാണ്. മൂന്ന് റൗണ്ടുകൾ നിറഞ്ഞ സിസിബി ഐലൻഡ് സിങ്ങർ 2024 മത്സരത്തിന്റെ ഓരോ ഇടവേളയിലും ജഡ്ജസിന്റെ സിനിമാ ഗാനങ്ങൾ കോർത്തിണക്കിയുള്ള പുതുമയാർന്ന വ്യത്യസ്തമായ ഗാനാലാപനം ആസ്വാദകരുടെ മനസ്സ് കീഴടക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പുറമെ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് അൻസാർ പിവി, സുരമ്യ രാജ്, ശ്രീഷ്മ ജിലീബ് എന്നിവരാണ് . ആദ്യമായാണ് ബഹറിനിൽ റിയാലിറ്റി ഷോ രീതിയിൽ ഇത്തരത്തിൽ ഒരു സംഗീതമത്സരം ജനകീയമായി സംഘടിപ്പിക്കുന്നത്. റഫീഖ് വടകരയുടെ നേതൃത്വത്തിലുള്ള മ്യൂസിക് സിറ്റി ബഹ്‌റൈൻ ആയിരുന്നു ഈ പരിപാടിക്ക് ഓർക്കസ്ട്ര ഒരുക്കിയത്.
മത്സരവിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനങ്ങളും മത്സരം വിലയിരുത്തിയ അജയ് ഗോപാലും റോഷ്‌നി സുരേഷും ചേർന്നു നൽകി. സംഗീത നിശ അവതരിപ്പിക്കുകയും വിധിനിർണയം നടത്തുകയും ചെയ്ത അജയ് ഗോപാലിനും റോഷ്‌നി സുരേഷിനുംസംഘടനയുടെ ഉപഹാരങ്ങൾ യഥാക്രമം രക്ഷാധികാരി ജനാർദ്ദനൻ കെ, മുൻ പ്രസിഡന്റ് ബാബു ജി നായർ എന്നിവർ കൈമാറി. കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ-പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത് കൃതജ്ഞത രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി പ്രജി വി. കാലിക്കറ്റ് ആയിരുന്നു ഈ സംഗീതപരിപാടിയുടെ പരിപാടിയുടെ ഡയറക്ടർ. ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥി ആയിരുന്നു. എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ചിത്തിര സജിൻ എന്നിവർ അവതാരകരായിരുന്ന പരിപാടിക്ക് ട്രെഷറർ മുസ്തഫ കുന്നുമ്മൽ, കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ-പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ എക്സിക്യൂട്ടീവ് കമ്മിറ്റിഭാരവാഹികൾ, അംഗങ്ങൾ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.