മനാമ: 2,50,000 ബഹ്‌റൈൻ ദിനാറിന് മീതെ തട്ടിപ്പ് നടത്തിയയാളെ ക്യാപിറ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. 39 കാരനായ പ്രതി ഇരകളെ സമീപിച്ച് കുറഞ്ഞ വിലയ്ക്ക് കാറുകൾ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തു തരാമെന്നും, വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളും നൽകാമെന്നും വാഗ്ദാനം നൽകി പണം വാങ്ങുകയായിരുന്നു. പണം കൈയ്യിൽ കിട്ടിയ ശേഷം ഇയാൾ ഇവരുമായി ബന്ധം പുലർത്താതെ ഒളിവിൽ പോകും. തുടർന്ന് ഇരകൾ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയെ തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇയാൾ വ്യാജമായി നിർമ്മിച്ച ഇൻഷുറൻസ് രേഖകളും പൊലീസ് കണ്ടെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.