ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവ്; സ്ട്രോംഗ് റൂം പരിശോധന നാളെ

തിരുവനന്തപുരം: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വർണത്തിലും വെളളിയിലും കുറവുണ്ടായതായി ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തി. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ഓഡിറ്റ് വിഭാഗം നാളെ സ്ട്രോംഗ് റൂം പരിശോധന നടത്തും.

ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്ട്രോംഗ് റൂമിലാണ്. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. സ്ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് നാളെ പരിശോധന നടക്കുക. പരിശോധനയില്‍ എന്തെങ്കിലും അപാകം കണ്ടെത്തിയാല്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് തിരുവിതംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.