മനാമ: മുസ്‌ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആത്മ വിശുദ്ധിയുടെ 98 സുകൃത വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈൻ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് ബഹുജന സംഗമം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടന കർമ്മം നിർവ്വഹിച്ച സദസ്സിൽ SKSSF സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അൻവർ മുഹ്‌യിദ്ധീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു. മഹാൻമാരായ പണ്ഠിതൻമാർ നേതൃത്വം നൽകി ഇന്ന് കേരളത്തിലെ ഉന്നതരായ പണ്ഠിതർ കാർമ്മികത്വം വഹിക്കുന്ന സമസ്തയുടെ പ്രവർത്തകൻമാരാവുക, അതിനെ സഹായിക്കുക, അതിൻ്റെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുക എന്നതാണ് ഈ കാലഘട്ടത്തിൽ അല്ലാഹുവിൻ്റെ ദീനിന് വേണ്ടി എന്നെന്നും ബാക്കിയാവുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ഉചിതമായ വഴിയായി കാണാൻ കഴിയുന്നത് എന്ന് പ്രഭാഷണ മധ്യ അൻവർ മുഹ്‌യിദ്ധീൻ ഹുദവി പറഞ്ഞു.
മനാമ സൂഖിലുണ്ടായ അഗ്നിബാധയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ ബഹ്റൈനിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടായ്മയായ Manama Souq Fire Help സ്വരൂപിക്കുന്ന ഫണ്ടിലേക്ക് സമസ്ത ബഹ്റൈൻ്റെ വിഹിതം സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ചടങ്ങിൽ വെച്ച് കൈമാറി.
ബഹ്റൈനിലെ സാമൂഹിക രംഗത്തെ പ്രമുഖ പ്രവർത്തകരായ സുബൈർ കണ്ണൂർ, കെ ടി സലീം, ഹാരിസ് പഴയങ്ങാടി, ചെമ്പൻ ജലാൽ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചു. അൻവർ കണ്ണൂർ, ലത്തീഫ് മരക്കട്ട, സമസ്ത ബഹ്റൈൻ്റെ വിവിധ ഏരിയാ നേതാക്കൾ, പ്രവർത്തകർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, SKSSF നേതാക്കൾ തുടങ്ങിയർ സന്നിഹിതരായിരുന്നു.
സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് പാരായണം ചെയ്യുകയും, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി ശഹീം ദാരിമി കിനാലൂർ നന്ദിയും പറഞ്ഞു.