മനാമ: മനാമ സൂഖിൽ ഉണ്ടായ തീപിടുത്തത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഇന്ത്യക്കാരെ ചേർത്തു പിടിക്കുന്നതിനായി ബഹ്‌റൈനിലെ 65 ഓളം സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികളും പ്രവർത്തകരും മനാമ കെ-സിറ്റിയിൽ സംഗമിച്ചു. തീപിടുത്തബാധിതരെ സഹായിക്കാൻ ബഹ്‌റൈൻ നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളും ഷോപ്പുകളുടെ സ്പോൺസർമാരുമായി സഹകരിച്ചു നേടിയെടുക്കേണ്ട ആനുകൂല്യങ്ങളും സംഘടനാ പ്രതിനിധികൾ ചർച്ച ചെയ്തു.
തീപിടുത്തത്തിന്റെ ഭാഗമായി വരുമാനം നിലച്ചു പോയവർക്ക് അത്യാവശ്യമായി വരുന്ന കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ചെയ്തു കൊടുക്കുവാൻ യോഗം തീരുമാനിച്ചു. മനാമ സൂഖിലെ തീപിടത്ത ബാധിതരിൽ അർഹരായവർക്ക് ആക്‌ഷൻ കമ്മിറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവർക്ക് യാത്ര കിറ്റുകളും, ഇന്ത്യൻ എംബസി മുഖേന ഫ്ലൈറ്റ് ടിക്കറ്റുകളും, ഇതിനകം നൽകിയിട്ടുണ്ട്.