മനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹബീബ് റഹ്മാൻ പ്രസിഡന്റായി തുടരും, ശംസുദ്ദീൻ വെള്ളികുളങ്ങര (ജനറൽ സെക്രട്ടറി), കെ.പി. മുസ്തഫ (ട്രഷറർ), ഗഫൂർ കൈപ്പമംഗലം (ഓർഗനൈസിങ് സെക്രട്ടറി) എന്നിവരെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തത്.
മനാമ കെ.എം.സി.സി ആസ്ഥാനത്തിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്റ്റേറ്റ് കൗൺസിലർമാരുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ല, ഏരിയ കമ്മിറ്റികളിൽനിന്ന് മെംബർഷിപ്പിന് ആനുപാതികമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ. 596 പേർ പങ്കെടുത്ത കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയും കോട്ടക്കൽ എം.എൽ.എയുമായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. കണക്കുകൾ അസൈനാർ കളത്തിങ്കൽ അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ട് പ്രസന്റേഷന് കെ.പി. മുസ്തഫയും ശംസുദ്ദീൻ വെള്ളികുളങ്ങരയും നേതൃത്വം നൽകി.
പ്രവർത്തകർക്കുവേണ്ടിയുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം ആയ ‘അമാന’ പദ്ധതിയുടെ വരവുചെലവ് കണക്കുകൾ പി.വി. മൻസൂറും സി.എച്ച് സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ കണക്കുകൾ ഇസ്ഹാഖ് വില്ല്യാപ്പള്ളിയും അവതരിപ്പിച്ചു. പി. എം.എ. സലാമും ആബിദ് ഹുസ്സൈൻ തങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.