മനാമ: കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാമിന്റെ ഭാഗമായി, ടീം വിമൻ അക്രോസ്, ലൈറ്റ് ഓഫ് കൈൻഡ്നസിന്റെ സഹകരണത്തോടെ ഇസാ ടൗണിലെ ജുർദാബിൽ കമ്മ്യൂണിറ്റി പാൻട്രി സംഘടിപ്പിച്ചു. വ്യത്യസ്ത ഇടങ്ങളിൽ എല്ലാ മാസവും സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും സ്ത്രീകൾക്കുള്ള സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ നൽകുന്നു എന്നുള്ളതാണ് കമ്മ്യൂണിറ്റി പാൻട്രിയുടെ പ്രത്യേകത.
ധാന്യങ്ങൾ, ചായപ്പൊടി, അരി, പഞ്ചസാര, നൂഡിൽസ്, പയർവർഗങ്ങൾ, ഓട്സ്, ജ്യൂസ്, വെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ കമ്യൂണിറ്റി പാൻട്രിയിൽ വിതരണം ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിറ്റി പാൻട്രിയെന്ന ആശയവുമായി വിമൻ എക്രോസ് പ്രവർത്തിക്കുന്നത്.
ഇതോടൊപ്പം ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ സമാഹരിക്കുകയും അത് ആവശ്യമുള്ള സ്ത്രീകൾക്ക് നൽകുകയും ചെയ്യുന്നു. 2019ൽ സ്ഥാപിതമായ, വിമൻ അക്രോസ് സ്ത്രീകൾക്കായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ്. സുമിത്ര പ്രവീൺ, സയീദ് ഹാനിഫ് (ലൈറ്റ് ഓഫ് കൈൻഡ്നെസ്), പ്രവീൺ നായർ, (പ്രസിഡന്റ്, കെ.എസ്.സി.എ), ആർ.ജെ നൂർ, വിമൻ അക്രോസ് ടീം അംഗങ്ങളായ സിമി അശോക്, സൗമ്യ ലതീഷ്, ഷെജിൻ സുജിത്, ജസ്മ വികാസ്, ദൃശ്യ, സീർഷ, ബിജി സതീഷ് എന്നിവർ പങ്കെടുത്തു.