മനാമ: ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് വേനൽക്കാലത്തെ ചൂടിൽ നിന്ന് ആശ്വാസം നൽകാൻ ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് ‘ബീറ്റ് ദി ഹീറ്റ് 2024’ എന്ന സംരംഭത്തിന് തുടക്കമായി. ഈ സംരംഭത്തിന്റെ ഭാഗമായി, ഖമീസ് ഏരിയയിൽ നടന്ന ചടങ്ങിൽ മധുരപലഹാരങ്ങൾ, വാട്ടർ ബോട്ടിലുകൾ, തൊപ്പികൾ, ബഹ്‌റൈൻ ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്തു.
ബഹ്‌റൈൻ പാർലമെന്റ് അംഗവും (സതേൺ ഗവർണറേറ്റ്) വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്സണുമായ ഡോ. മറിയം അൽ ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിശിഷ്‌ട അതിഥിയായി നാദിയ അൽ മൂസാവി പങ്കെടുത്തു. ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, രമണൻ, സായൂജ്, ആയിഷ നിഹാര, ആമിന സുലൈഹ എന്നിവർ ചടങ്ങിൽ നേതൃത്വം നൽകി.