മനാമ: ബി.എം.സി സംഘടിപ്പിക്കുന്ന 30 ദിവസം നീളുന്ന ശ്രാവണ മഹോത്സവം 2024 ന് ആഗസ്റ്റ് 29ന് വൈകീട്ട് കൊടിയേറ്റത്തോടെ തുടങ്ങുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് അറിയിച്ചു. പരിപാടികളുടെ നടത്തിപ്പിന് ഇ.വി. രാജീവൻ ചെയർമാനും രാജേഷ് പെരുങ്കുഴി ജനറൽ കൺവീനറുമായി 75 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. കമ്മിറ്റിയിൽ മോനി ഒടിക്കണ്ടത്തിൽ, സയദ് ഹനീഫ, അൻവർ നിലംബൂർ തുടങ്ങിയവർ വൈസ് ചെയർമാന്മാരും റിജോയ് അസിസ്റ്റന്റ് ജനറൽ കൺവീനറുമായി പ്രവർത്തിക്കും.
ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രാവണ മഹോത്സവം 2024 ലോഗോ പ്രകാശനവും നടന്നു. ചടങ്ങിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം ആശംസിച്ചു. ശ്രാവണ മഹോത്സവം 2024 -നോടനുബന്ധിച്ച് മുൻ വർഷങ്ങളിലെപോലെ ആയിരത്തിലധികം തൊഴിലാളികൾക്ക്, സൗജന്യമായി ഓണസദ്യ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ നടത്താറുള്ള ഓണപ്പുടവ മത്സരം, ഓണപ്പാട്ട് മത്സരം, പൂക്കള മത്സരം, പായസ മത്സരം, തിരുവാതിര മത്സരം, വടംവലി എന്നിവ കൂടാതെ മലയാളി മങ്ക, കപ്പിൾ ഡാൻസ്, മിമിക്രി ആൻഡ് മോണോ ആക്ട് എന്നീ മത്സരങ്ങളും ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ.വി. രാജീവൻ അറിയിച്ചു.
അശ്വിൻ രവീന്ദ്രൻ – ഓണപ്പാട്ട്, ദീപ്തി റിജോയ് -പായസം, സുധീർ സി. ഓണപ്പുടവ, ജ്യോതിഷ് പണിക്കർ -അത്തപ്പൂക്കളം, ഷാജി അറക്കൽ -ടഗ് ഓഫ് വാർ, അശ്വിനി -മലയാളി മങ്ക, അജി പി.ജോയ് -മിമിക്രി ആൻഡ് മോണോ ആക്ട്, തോമസ് ഫിലിപ്പ് -തിരുവാതിര, സുമി ഷമീർ -കപ്പിൾ ഡാൻസ്, ജേക്കബ് തേക്കുതോട് -ഫുഡ് ഫെസ്റ്റിവൽ, എന്നിവരാണ് സംഘാടകസമിതിയിലെ മറ്റു കൺവീനർമാർ. റിജോ മാത്യു നന്ദി രേഖപ്പെടുത്തി. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വിശദവിവരങ്ങൾക്കായി 36617657, 36330921, എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.