മനാമ: ബഹ്റൈനിലെ ജനബിയയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ തൊഴിലാളി മരണപ്പെട്ടു. തെലങ്കാന സ്വദേശിയായ ഇന്ത്യൻ പ്രവാസിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മലിനജല ശൃംഖല നിർമാണ സ്ഥലത്ത് ജോലിക്കിടെയാണ് അപകടം. മണ്ണിടിഞ്ഞതിനെ തുടർന്ന് മൂന്ന് തൊഴിലാളികളാണ് കുടുങ്ങിയത്.
രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാൾക്കായി സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്.
സാർ ന് സമീപം ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേക്ക് അഭിമുഖമായി കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.