മനാമ: മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യാപാര ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് വമ്പിച്ച ഉദ്ഘാടന ഓഫറുകളുമായി ഇസാ ടൗണിൽ ഇന്ന് (ഞായർ) രാവിലെ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഗ്രൂപ്പിന്റെ മിഡിൽ ഈസ്റ്റിലെ 128-ാമത്തേയും, ബഹ്റൈനിലെ 19-ാമത്തേയും ഔട്ട്‌ലെറ്റാണ് ഇസാ ടൗണിൽ തുറന്നു പ്രവർത്തനമാരംഭിച്ചത്. ഇന്ന് രാവിലെ 9.30ന് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫക്രു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് അംഗം ഡോ മറിയം അൽ ദീൻ , മുനിസിൽ കൗൺസിൽ മേധാവി അബ്ദുല്ല അബ്ദുൽ ലത്തീഫ്, കൗൺസിൽ അംഗം മുബാറക് ഫറാഗ്, നെസ്റ്റോയെ പ്രതിനിധീകരിച്ച് അർഷാദ് (എക്‌സിക്യൂട്ടീവ് ഡയറക്ടർ), നാദിർ ഹുസൈൻ (ഡയറക്ടർ), മുഹമ്മദ് ഹനീഫ് (ജനറൽ മാനേജർ), അബ്ദു ചെട്ടിയാങ്കണ്ടിയിൽ (ഹെഡ് ഓഫ് ബയിംഗ്), ഫിനാൻസ് മാനേജർ സോജൻ ജോർജ്, പർച്ചേസിംഗ് മാനേജർ നൗഫൽ കുഴുങ്കിൽപടി എന്നിവരും മറ്റു അതിഥികളും പങ്കെടുത്തു. പുതിയ ഹൈപ്പർമാർക്കറ്റിൽ ആഗോളതലത്തിൽ ലഭ്യമായ പുത്തൻ ഉൽപന്നങ്ങൾ, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ, മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ഒരുക്കുന്നു. വാഹനങ്ങൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും ചെക്ക്ഔട്ട് കൗണ്ടറുകളും തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നു.
ബഹ്റൈനിൽ നെസ്റ്റോ ഗ്രൂപ്പിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് കൂടിയാണ് ഇസാ ടൗണിൽ തുറന്നു പ്രവർത്തനം ആരംഭിച്ചത് . 50,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ അത്യാധുനിക സൗകര്യങ്ങളോടെയും വിശാലമായ കാർ പാർക്കിംഗ് സൗകര്യങ്ങളോടെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇസാ ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി അതിവിപുലമായ ഒരു ഹൈപ്പർമാർക്കറ്റ് തുറക്കുന്നതിൽ സന്തോഷമുണ്ടെന്ന് നെസ്റ്റോ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർഷാദ് ഹാഷിം കെ.പി പറഞ്ഞു. ബഹ്റൈനിലെ ജനങ്ങൾക്കായി വൈവിധ്യമാർന്ന ലോകോത്തര ഷോപ്പിംഗ് അനുഭവം നെസ്റ്റോ സമ്മാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
നെസ്റ്റോ ഗ്രൂപ്പ് അതിന്റെ ലോയൽറ്റി റിവാർഡ് പ്രോഗ്രാം ആപ്പായ ‘ഇനാം’ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിലുള്ള ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ലോയൽറ്റി അംഗീകരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ നൂതന പ്രോഗ്രാം ഏത് ശാഖയിലെയും ഓരോ പർച്ചേസിനും പ്രത്യേക ആനുകൂല്യങ്ങളും അധിക കിഴിവുകളും റിഡീം ചെയ്യാവുന്ന പോയിന്റുകളും നൽകി വരുന്നു.
രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയാണ് ഈ ശാഖയുടെ പ്രവർത്തന സമയം. നെസ്‌റ്റോയിൽ പുതിയ ഉൽപ്പന്നങ്ങൾ, മാംസം, പാലുൽപ്പന്നങ്ങൾ, കലവറ ഇനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമായിരിക്കും. നന്നായി ചിട്ടപ്പെടുത്തിയ സ്റ്റോർ ലേഔട്ട്, മികച്ച ഉപഭോക്തൃ സേവനം, മത്സരാധിഷ്ഠിത വിലനിർണ്ണയം, സൗകര്യപ്രദമായ ഷോപ്പിംഗ് എന്നിവ നെസ്റ്റോ ഉറപ്പുവരുത്തുന്നു.