മനാമ: രാജ്യത്തെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട ജനക്ഷേമ പദ്ധതികൾ സമ്പൂർണ്ണമായി കൈയൊഴിഞ്ഞ രാഷ്ട്രീയ പ്രേരിത ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പച്ചതെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതക്ക് ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് പേരിനുപോലും ഒരു പദ്ധതിയോ വിഹിതമോ പ്രഖ്യാപിക്കാത്ത ബജറ്റ് നിരാശാപൂർണമാണ്. പ്രവാസി സമൂഹത്തിൻ്റെ അടിസ്ഥാനാവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച യൂണിയൻ സർക്കാർ വിദേശങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെ പുനരധിവാസത്തിനും സ്വയം തൊഴിലിനും ഒരു പരിഗണനയും യൂണിയൻ ബജറ്റിൽ നൽകിയിട്ടില്ല എന്നത് യൂണിയൻ സർക്കാരിൻ്റെ നാളിതുവരെ തുടരുന്ന പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണ് എന്നാണ് മനസ്സിലാക്കേണ്ടത്.
ഭരണം നിലനിർത്താൻ തങ്ങളെ പിന്തുണയ്ക്കുന്നു എന്നുള്ളതുകൊണ്ട് മാത്രം ആന്ധ്ര പ്രദേശിനും ബീഹാറിനും വേണ്ടിയുള്ള പ്രത്യേകം പാക്കേജുകളാണ് യൂണിയൻ ബജറ്റ് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് യാതൊരു പരിഗണനയും ബജറ്റിൽ നൽകിയിട്ടില്ല. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളെല്ലാം തങ്ങളോട് ഒട്ടിനിൽക്കുന്ന കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നവ മാത്രമാണ്. സാധാരണക്കാരൻ ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം പിടിച്ച് നിർത്താൻ പ്രത്യേകമായ പദ്ധതികളോ ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന ജി.എസ്.ടി സംവിധാനത്തെ പരിഷ്കരിക്കാനുള്ള നിർദ്ദേശമോ ബജറ്റിലില്ല. ഒരു കോടി യുവാക്കൾക്കായി ഇൻ്റേൺഷിപ്പിന് അവസരമൊരുക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും അതിനുള്ള പണം വകയിരുത്തുന്നതിന് പകരം കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് നൽകും എന്ന വിചിത്രമായ നിർദ്ദേശമാണ് ബജറ്റിലുള്ളത്.
തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ചെറുകിട ഇടത്തരം വ്യാപാരികളുടെയും വ്യവസായികളുടെയും പ്രശ്നങ്ങളും ബജറ്റ് മുഖവിലയ്ക്കെടുക്കുന്നില്ല. ജെൻഡർ ബജറ്റിന് തുക വർദ്ധിപ്പിച്ചെങ്കിലും മൊത്തം ബജറ്റിൻ്റെ 6.5% മാത്രമാണ് ജെൻഡർ ബജറ്റിന് മാറ്റി വെച്ചത്. ആരോഗ്യപരമായ ജെൻഡർ ബജറ്റിന് 12% തുകയെങ്കിലും മാറ്റിവെയ്ക്കണം. പട്ടിക ജാതി വിഭാഗങ്ങൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ എന്നിവരുടെ പുരോഗതിക്കായി പ്രത്യേകമായ പുതിയ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ പ്രത്യേക പദ്ധതി രൂപപ്പെടുത്തിയപ്പോൾ നിരന്തരമായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഉണ്ടാകുന്ന കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്. കേരളത്തിൽ അനുവദിക്കപ്പെട്ട എയിംസിന് പോലും ഫണ്ട് മാറ്റി വെച്ചിട്ടില്ല. സംസ്ഥാനത്തിൻ്റെ റെയിൽവേ വികസനമടക്കമുള്ള കാര്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനം സ്വീകരിച്ചതും കേരളത്തോട് വിദ്വേഷത്തോടെയാണ് കേന്ദ്രസർക്കാർ പെരുമാറുന്നത് എന്ന് സൂചിപ്പിക്കുന്നു. ഫെഡറൽ വ്യവസ്ഥയെ മാനിക്കാത്ത സമഗ്രാധിപത്യമാണ് തങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ പറയുന്നതെന്നത് വ്യക്തമാണ് എന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ പറഞ്ഞു