bahrainvartha-official-logo
Search
Close this search box.

സമസ്ത ബഹ്റൈന്‍ ദുആ മജ് ലിസിലും ഇഫ്താറിലും വിശ്വാസികള്‍ നിറഞ്ഞൊഴുകി

samastha

മനാമ: വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും പുതുമയുള്ളതല്ലെന്നും പ്രതിസന്ധികള്‍ക്കു നടുവിലും ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കുകയാണ് നാം വേണ്ടതെന്നും സമസ്ത കേന്ദ്ര മുശാവറാംഗവും സുപ്രഭാതം രക്ഷാധികാരിയുമായ ശൈഖുനാ മാണിയൂര്‍ ഉസ്താദ്.

സമസ്ത ബഹ്റൈന്‍ മനാമയില്‍ സംഘടിപ്പിച്ച ദുആ മജ് ലിസില്‍ ഉദ്ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൗതിക ലോകത്ത് പ്രയാസങ്ങളും പ്രശ്നങ്ങളും വിശ്വാസികളുടെ കൂടെപിറപ്പാണ്. അത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമുണ്ടാകുന്നതല്ല, ലോകമെന്പാടുമുള്ള വിശ്വാസികളുടെ സ്ഥിതിയാണ്. എന്നാല്‍, അല്ലാഹു വിധിച്ചതല്ലാതെ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്ക് ആത്മവിശ്വാസം പകരും. തന്‍റെ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ചെയ്തു ജീവിക്കുന്ന ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് പ്രതിസന്ധികളില്‍ തളരേണ്ടി വരില്ലെന്ന് വി.ഖുര്‍ആന്‍ 9:51ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം ഒരു നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും അത്തരം അനാവശ്യ ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നവരാരും ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെമാത്രം വോട്ടുകള്‍ കൊണ്ടു ജയിക്കുന്നവരല്ല, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം ന്യൂനപക്ഷത്തിന്‍റെ മാത്രം വോട്ടുകള്‍ കൊണ്ടും ജയിക്കുന്നവരല്ല. എല്ലാവര്‍ക്കും എല്ലാവരും വോട്ട് ചെയ്യുന്നുണ്ട്. അത് കൊണ്ടു തന്നെ ജന പ്രതിനിധികള്‍ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുമെന്ന ശുഭപ്രതീക്ഷയാണ് നമുക്കുണ്ടാകേണ്ടത്.

അവര്‍ അവരുടെ ചുമതല നിര്‍വ്വഹിക്കുമ്പോൾ ഭരണാധികാരികള്‍ക്ക് അത് അവഗണിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ല. അതോടൊപ്പം നീതിക്ക് വേണ്ടി നില നില്‍ക്കുന്ന കോടതികളും നമ്മുടെ രാജ്യത്തുണ്ട്. അനീതിക്കെതിരെ അനുയോജ്യമായ രീതിയില്‍ പൊരുതാന്‍ ശക്തമായ ഒരു നേതൃത്വവും, സുപ്രഭാതം ദിനപത്രം പോലുള്ള പത്ര-പ്രസിദ്ധീകരണങ്ങളും നിയമ വിദഗ്ദരും നമുക്കുണ്ട്. അവയെല്ലാം വേണ്ടസമയത്ത് വേണ്ടവിധം നമ്മുടെ നേതൃത്വം ഉപയോഗപ്പെടുത്തുന്നുമുണ്ട്. സമുദായ സംരക്ഷണവും നാടിന്‍റെ സമാധാനവും തന്നെയാണ് നമ്മുടെ നേതൃത്വമായ സമസ്ത വിഭാവനം ചെയ്യുന്നത്. ഇസ്ലാമിക സന്ദേശങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സമസ്ത എപ്പോഴും തള്ളിപറയുകയും സമുദായത്തെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും അതുണ്ടാകും. നാം നേതൃത്വം പറയുന്നിടത്ത് നില്‍ക്കണമെന്നും സമസ്തയുടെ ശാശ്വതമായ നിലനില്‍പ്പിനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുപ്രഭാതം സി.ഇ.ഒ മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ സംസാരിച്ചു. മാണിയൂര്‍ അബ്ദുല്ല ഫൈസി, എസ്.എം. അബ്ദുല്‍ വാഹിദ്, അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി എന്നിവരുള്‍പ്പെടെയുള്ള സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മദ്റസാ മുഅല്ലിംകളും സമസ്ത ബഹ്റൈന്‍ പോഷക സംഘടനാ പ്രതിനിധികളും ഭാരവാഹികളും സംബന്ധിച്ചു.

ദുആ മജ് ലിസിനോടനുബന്ധിച്ച് നടന്ന ഇഫ്താറിലും പ്രാര്‍ത്ഥനാ സദസ്സിലും പങ്കെടുക്കാനായി നിരവധി വിശ്വാസികളാണ് ഒഴുകിയെത്തിയത്. വിപുലമായ ഇഫ്താറില്‍ വിഭവങ്ങള്‍ സജ്ജീകരിക്കാനും ഭക്ഷണ വിതരണത്തിനും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ വിഖായയുടെ നേതൃത്വത്തിലുള്ള വിപുലമായ വളണ്ടിയര്‍ ടീമും രംഗത്തുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!