മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓണവിളംബരവും ശ്രാവണം ഓഫിസ് ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ്, സീനിയർ അംഗങ്ങളായ സി.പി.വർഗീസ്, രാഘുനാഥൻ നായർ, എസ്.എം. പിള്ള എന്നിവരും ഓണാഘോഷ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
സന്തോഷ് കൈലാസിന്റെ ശിക്ഷണത്തിൽ സോപാനം വാദ്യകലാസംഘം വനിതകൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിന് സമാജം എക്സിക്യൂട്ടിവ് അംഗം വിനയചന്ദ്രൻ നായർ, വനിതാ വിഭാഗം സെക്രട്ടറി ജയ രവികുമാർ എന്നിവർ നേതൃത്വം നൽകി. പ്രേമൻ ചാലക്കുടി അണിയിച്ചൊരുക്കിയ തിരുവാതിരക്കളിയും മനു മോഹനും സംഘവും അവതരിപ്പിച്ച വള്ളപ്പാട്ടും നടന്നു.
രാജീവ് മാത്യുവിന്റെ നേതൃത്വത്തിൽ തോരണങ്ങളാൽ ഓഫിസ് മനോഹരമാക്കിയിരുന്നു. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും മുൻ വർഷങ്ങളിൽനിന്ന് വിഭിന്നമായി ഈ വർഷത്തെ ഓണാഘോഷം കൂടുതൽ നിറപ്പകിട്ടാർന്നതായിരിക്കുമെന്നും കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള സംസാരിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ ഒന്നിപ്പിക്കുന്ന ഓണത്തിന് സമാജം സാധ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ആഗസ്റ്റ് 30ന് അരങ്ങേറുന്ന ‘പിള്ളേരോണം’ പരിപാടിയോടു കൂടി ഓണാഘോഷം തുടങ്ങും. മഹാരുചിമേള, മെഗാഘോഷയാത്ര മത്സരം, വനിതാവിഭാഗം അവതരിപ്പിക്കുന്ന രണ്ടു മെഗാപ്രോഗ്രാമുകൾ, താമരശ്ശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിവയും നടക്കും.
സെപ്റ്റംബർ 19നു ജി.വേണുഗോപാൽ അവതരിപ്പിക്കുന്ന ഗാനമേളയും 20ന് കെ.എസ്.ചിത്ര, മധു ബാലകൃഷ്ണൻ എന്നിവർ നയിക്കുന്ന സംഗീത വിരുന്നും നടക്കും. സെപ്റ്റംബർ 27ന് പഴയിടം മോഹനൻ നമ്പൂതിരി അണിയിച്ചൊരുക്കുന്ന 5000 പേരുടെ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ശ്രാവണം 2024 ജനറൽ കൺവീനർ വർഗീസ് ജോർജ് അറിയിച്ചു.