മനാമ: തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബഹ്‌റൈൻ പ്രവാസി മരണപ്പെട്ടു. വര്ഷങ്ങളായി ബഹ്‌റൈൻ പ്രവാസിയായ തളീക്കര നരിക്കുന്നുമ്മൽ ലത്തീഫ് (48) ആണ് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
മുഹറഖ് ഹാലയിൽ അൽ അഫ്സൂർ കോൾഡ് സ്റ്റോർ നടത്തുകയായിരുന്ന ലത്തീഫ് ഒരുമാസം മുമ്പാണ് നാട്ടിലേക്ക് പോയത്. കുടുംബ സമേതം വെള്ളച്ചാട്ടം കാണാനെത്തിയ ലത്തീഫ് സഞ്ചരിച്ച കാർ മടക്ക യാത്രക്കായി തിരിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ലതീഫും ഭാര്യയും നാലു മക്കളും ബന്ധുവുമാണ് സംഘത്തിലുണ്ടായിരുന്നത്.
അപകടസമയം ലതീഫും ഇളയ രണ്ട് കുട്ടികളും മാത്രമാണ് കാറിലുണ്ടായിരുന്നത്. ബാക്കിയുള്ളവർ പുറത്തായതിനാൽ രക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാർ പുറത്തെടുത്ത് തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ഗുരുതമായി പരിക്കേറ്റ ലതീഫിനെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
പരേതനായ സൂപ്പിയുടെ മകനാണ്. മാതാവ്: അയിശു. ഭാര്യ: നജീദ. മക്കൾ: മുഹമ്മദ് ലാമിഹ്, മുഹമ്മദ് ലാസിഹ്, ലൈഹ ലതീഫ്, ലഹന ലതീഫ്. സഹോദരങ്ങൾ: അമ്മദ്, ജമീല, ബഷീർ,റിയാസ്,സമീറ, ഷമീന.
മുഹറഖ് കെഎംസിസി പ്രവർത്തകസമിതി അംഗവും സംസ്ഥാന കൗൺസിലറും അൽ അമാന മെമ്പറും കൂടിയായ ലത്തീഫിന്റെ വിയോഗത്തിൽ കെ.എം.സി.സി. ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.