ഷാഫി വയനാട്
മനാമ: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെ നഷ്ടപ്പെട്ട വേദനയിലാണ് ബഹ്‌റൈൻ പ്രവാസിയായ സരിത കുമാറും കുടുംബവും. സരിതയുടെ സഹോദരി കുടുംബത്തിലെ ഒരു വീട്ടിൽ അന്തിയുറങ്ങിയ 11 പേരാണ് കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും ദാരുണമായ പ്രകൃതി ദുരന്തത്തിന് ഇരയായത്. 9 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞപ്പോൾ 15 വയസുകാരി ആൻഡ്രിയയെ കുറിച്ച് ഒരറിവും ലഭ്യമായിട്ടില്ല. 11 പേരുണ്ടായിരുന്ന വീട് വിനാശം വിതച്ച ഉരുളുകൾ തുടച്ചെടുത്തപ്പോൾ ബാക്കിയായത് 8 വയസുകാരി അവന്തികയുടെ ജീവനാണ്. കലങ്ങിയൊലിച്ചെത്തിയ ഉരുള്‍പ്പൊട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ ജീവനുംകൊണ്ടോടിയ ആരോ എടുത്തോടിയതുകൊണ്ടു മാത്രം ബാക്കിയായതാണ് ഈ കുഞ്ഞുജീവന്‍. അതിനിടെ ഇരു കാലിനും കണ്ണിനും പരിക്കേറ്റു. നിലവില്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുഴ വക്കിലായിരുന്ന വീട്ടിൽ നിന്നും അവന്തിക, അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പം നിർത്താതെ പെയ്യുന്ന മഴ കാരണം മാമന്മാരടങ്ങുന്ന കുടുംബ വീട്ടിലേക്ക് സുരക്ഷയെ കരുതി മാറുകയായിരുന്നെന്ന് സരിത പറയുന്നു.
സരിതയുടെ സഹോദരി ഭർത്താവിന്റെ കുടുംബം ജനിച്ചു വളർന്നതെല്ലാം മുണ്ടക്കൈയിലാണ്. പലവിധ മഴയും കോളും വര്ഷങ്ങളായി കണ്ടു വളർന്നവർ മുന്കരുതലെന്നോണം സുരക്ഷയെ കരുതി ഒരു വീട്ടിൽ അന്തിയുറങ്ങിയപ്പോൾ ഇരുട്ടിന്റെ മറവിൽ പാഞ്ഞെത്തിയ ദുരന്തം ഇങ്ങനെ ജീവിതം പറിച്ചെടുത്തു കൊണ്ട് പോകുമെന്ന് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. സഹോദരിയും ഭർത്താവും കുഞ്ഞുങ്ങളും അന്നേ ദിവസം അടിവാരത്തെ വീട്ടിൽ ആയതിന്റെ ആശ്വാസ നെടുവീർപ്പിലാണ് സരിത.
സഹോദരി ഭർത്താവിന്റെ അമ്മ നാഗമ്മ (78 വയസ്സ്), പെങ്ങൾ മരുതാ (48), അവരുടെ ഭർത്താവ് രാജൻ (59), അവരുടെ മക്കളായ ഷിജു (23), ജിനു (26), ജിനുവിന്റെ ഭാര്യ പ്രിയങ്ക (23), സഹോദരന്റെ മകൾ വിജയലക്ഷ്മി (30), അവരുടെ ഭർത്താവ് പ്രശോഭ് (38), മകൻ അശ്വിൻ (14) എന്നിവരുടെ ജീവനാണ് ദുരന്തം കവർന്നെടുത്ത്. അന്നേ ദിവസം കൂടെ വീട്ടിൽ ഉണ്ടായിരുന്ന മരുതയുടെ മകൾ ആൻഡ്രിയ(15) യെ കുറിച്ച് ഒരറിവും ലഭ്യമായിട്ടില്ല. രക്ഷപ്പെട്ടു ചികിത്സയിൽ കഴിയുന്ന 8 വയസുകാരി ‘അവന്തിക’ വിജയലക്ഷ്മിയുടെയും പ്രശോഭിന്റെയും മകളാണ്. ബോധം തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് അച്ഛനെയും അമ്മയെയും മാമന്മാരെയുമാണ്. പക്ഷെ ചുറ്റും നില്‍ക്കുന്നവര്‍ക്ക് അവന്തികയുടെ ചോദ്യത്തിന് മുന്നില്‍ മരവിച്ചുനില്‍ക്കുകയല്ലാതെ ഉത്തരം നല്‍കാനുള്ള ശേഷിയുണ്ടായിരുന്നില്ല.
സൂര്യ ഡിജിറ്റൽ വിഷനിൽ കാമറ അസിസ്റ്റന്റായ ഷിജുവിന്റെ മരണവാർത്ത നേരത്തെ ഫെഫ്കയും പങ്കുവെച്ചിരുന്നു. ഫെഫ്ക എം.ഡി.ടി.വി അംഗമായ ഫോക്കസ് പുള്ളർ ഷിജു ‘മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട്’ തുടങ്ങിയ നിരവധി സീരിയലുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്.
“മരുതയുടെയും രാജന്റെയും അഞ്ചു മക്കളിൽ, ഷിജുവിന്റെ സഹോദരങ്ങളായ ജിഷ്ണു, സൂര്യ എന്നിവർ അപകട സമയത്ത് അവിടെ ഇല്ലായിരുന്നു. വിദേശത്തായിരുന്ന ജിഷ്ണു സംഭവമറിഞ്ഞയുടൻ നാട്ടിലെത്തിയിട്ടുണ്ട്. സഹോദരൻ സൂര്യ അന്നേ ദിവസം മറ്റൊരു വീട്ടിലായിരുന്നു.” – ഭർത്താവിനും കുട്ടികൾക്കുമൊപ്പം വർഷങ്ങളായി ബഹ്‌റൈൻ പ്രവാസിയായ സരിത ബഹ്‌റൈൻ വാർത്തയോട് പറഞ്ഞു. ബഹ്‌റൈൻ പ്രതിഭയുടെ മനാമ മേഖല കമ്മിറ്റി അംഗം കൂടിയാണ് സരിത.