വയനാടിനെ രാജ്യം ചേർത്തുപിടിക്കണം, കേന്ദ്രസർക്കാർ 1000 കോടിയുടെ അടിയന്തിര പാക്കേജ് പ്രഖ്യാപിക്കണം: പ്രവാസി വെൽഫെയർ

Pravasi Welfaire WLogo

മനാമ: വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി കേന്ദ്രസർക്കാർ 1000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഉരുൾപൊട്ടൽ ദുരന്ത ചരിത്രത്തിൽത്തന്നെ ഏറ്റവും ഭീകരമായ സംഭവങ്ങളിൽ ഒന്നാണ് മുണ്ടക്കൈയിൽ സംഭവിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സാധാരണക്കാർ ജീവിച്ചിരുന്ന രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.

 

കുമിഞ്ഞു കൂടിയ മണ്ണിനും മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമടിയിൽ നിരവധി മൃതദേഹങ്ങൾ ഉണ്ടായിരിക്കാം എന്നാണ് നിഗമനം. മുണ്ടക്കൈയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം ജില്ലയിലെ പോത്തുകല്ല്, നി ലമ്പൂർ, മുണ്ടേരി പ്രദേശത്തെ പുഴയോരങ്ങളിൽ നിന്ന് നിരവധി മൃതശരീരങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നത് ദുരന്തത്തിന്റെ ആഘാതം എത്രത്തോളമാണ് എന്ന് വിളിച്ചറിയിക്കുന്നുണ്ട്. നൂറുകണക്കിന് വീടുകൾ, പാലങ്ങൾ, റോഡുകൾ. കച്ചവടസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം പൂർണ്ണമായോ ഭാഗികമായോ നശിച്ചു. പരിസര പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വിവിധ ആശുപത്രികളിലുമായി ആയിരക്കണക്കിന് മനുഷ്യരുണ്ട്. മുൻവർഷങ്ങളിൽ നടന്ന പുത്തുമല ദുരന്തം അടക്കമുള്ള അപകടങ്ങൾ വയനാട് ജില്ലയിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നിരന്തരം പ്രളയവും ഉരുൾപൊട്ടലും അടക്കം .അപകടങ്ങളും ദുരന്തങ്ങളും സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ അത്തരം സന്ദർഭങ്ങളിൽ മതിയായ സഹായം വയനാടിനോ കേരളത്തിനോ അനുവദിച്ചിട്ടില്ല. പ്രകൃതി ദുരന്തങ്ങളിലൂടെ നിരവധി ജീവഹാനിയും സാമ്പത്തിക നഷ്ടങ്ങളും സംഭവിച്ചിട്ടും കേന്ദ്ര ബജറ്റുകളിൽ കേരളം ബോധപൂർവം തഴയപ്പെടുകയാണുണ്ടായത്. വിവേചനപരമായ ഈ നിലപാട് കേന്ദ്രസർക്കാർ തിരുത്തുകയും കേരളത്തോട് കൂടുതൽ മനുഷ്യത്വപൂർണ്ണവും നീതിയുക്തവുമായ നിലപാട് സ്വീകരിക്കുകയുമാണ് വേണ്ടത്.

 

ദുരിതബാധിതരുടെ പാർപ്പിടം, ഭക്ഷണം, തൊഴിൽ, ചികിത്സ തുടങ്ങിയ കാര്യങ്ങൾ അടിയന്തിര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട കാര്യങ്ങളാണ്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണം. ദുരന്തത്തിന്റെ ആഘാതം അനുഭവിച്ച് അതിജീവിച്ച മുഴുവൻ പേർക്കും മാന്യമായ പുനരധിവാസം ഉറപ്പ് വരുത്തണം. വികസനത്തിലും വിഭവ വിതരണത്തിലും കാലങ്ങളായി വിവേചനം നേരിടുന്ന ഒരു ജില്ല കൂടിയാണ് വയനാട്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, തൊഴിൽ, കൃഷി, വാണിജ്യമേഖല തുടങ്ങിയ മേഖലകളിൽ വയനാടിനെ പ്രത്യേകമായി പരിഗണിക്കണം. ഇത്തരം ലക്ഷ്യങ്ങൾ നിറവേറുന്ന രീതിയിൽ 1000 കോടിയുടെ അടിയന്തിര സ്പെഷ്യൽ പാക്കേജ് വയനാട് ജില്ലക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണമെന്ന് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.

 

പ്രസിഡൻറ് ബദറുദ്ദീൻ പൂവാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് യോഗം ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും കുടുംബാംഗങ്ങൾക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. വയനാടിൻറെ ഉയർത്തെഴുന്നേൽപ്പിന് പ്രവാസ ലോകത്ത് നിന്നും സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും പ്രവാസി വെൽഫെയർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!