മനാമ: പ്രവാസലോകത്ത് പതിനായിരങ്ങൾ വരിക്കാരായുള്ള പ്രവാസി രിസാല മാസികയുടെ പതിനഞ്ചാമത് കാമ്പയിനിന് ബഹ്റൈനിലും തുടക്കമായി. ‘അതിരറ്റ വായനയുടെ ഹൃദയമുദ്ര’ എന്ന പ്രമേയത്തിൽ പത്തൊൻപത് രാഷ്ട്രങ്ങളിൽ കാമ്പയിൻ നടക്കുന്നുണ്ട്. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളെല്ലാം സർഗാത്മകമായി ചർച്ച ചെയ്യുന്ന രിസാല മാസിക കഴിഞ്ഞ വർഷം മുതൽ രിസാല അപ്ഡേറ്റ് ആപ്ലിക്കേഷനിലൂടെയാണ് വരിക്കാരിലേക്കെത്തുന്നത്.
തീർത്തും വായനാ സൗഹൃദമായിട്ടാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വായിക്കാനും കേൾക്കാനുമുള്ള രിസാല അപ്ഡേറ്റ് ആപ്ലിക്കേഷൻ സംവിധാനിച്ചിരിക്കുന്നത്. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ഭാരവാഹികൾ ഒരുമിച്ച് വരി പുതുക്കി ഈ വർഷത്തെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാമ്പയിന്റെ ഭാഗമായി സോൺ തലങ്ങളിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രത്യേക ചർച്ചാ വേദിയും യൂനിറ്റ് തലങ്ങളിൽ എക്സ്പീരിയൻസ് എന്ന പേരിൽ അനുസ്മരണ സംഗമവും നടക്കും.
മനാമ കെ സിറ്റിയിൽ മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ആർ.എസ്.സി നാഷനൽ സെക്രട്ടേറിയറ്റ് മീറ്റിങ്ങിൽ അഡ്വ. ഷബീർ, അഷ്റഫ് മങ്കര, ജാഫർ ശരീഫ്, ഫൈസൽ വടകര, ജാഫർ പട്ടാമ്പി, സലീം കൂത്തുപറമ്പ്, റഷീദ് തെന്നല തുടങ്ങിയവർ സംബന്ധിച്ചു.