മനാമ: ബഹ്‌റൈനിലെ ഒരുകൂട്ടം മലയാളികള്‍ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം ‘സ്റ്റാര്‍സ് ഇന്‍ ദ ഡാര്‍ക്ക്‌നെസ്സ്’ റിലീസിങ്ങിനൊരുങ്ങുന്നു. ലിന്‍സ മീഡിയയുടെ A.l.-3D ആനിമേഷനിലൂടെ കടന്നുപോകുന്ന മലയാള ഹ്രസ്വചിത്രത്തിന്റെ കഥ-തിരക്കഥ-സംഭാഷണം-സംവിധാനം എല്ലാം നിര്‍വഹിച്ചിരിക്കുന്നത് ബഹ്‌റൈനില്‍ കലാ-സാംസ്‌ക്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലിനി സ്റ്റാന്‍ലിയാണ്. നിരവധി ആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ലിനി സ്റ്റാന്‍ലി എഴുത്തിന്റെ രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ സംസ്ഥാന കായിക താരവുമായിരുന്നു. ‘സ്റ്റാര്‍സ് ഇന്‍ ദ ഡാര്‍ക്ക്‌നെസ്സ് ചിത്രത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ എസ്.എന്‍.സി.എസ് ഓഡിറ്റോറിയത്തില്‍ നടന്നു. ബഹ്‌റൈന്‍ സോപാന ഗുരു സന്തോഷ് കൈലാസ്, സാമൂഹിക പ്രവര്‍ത്തകനായ ചാള്‍സ് ആലുക്ക, എസ്.എന്‍.സി.എസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, മുതിര്‍ന്ന കഥകളി നടനായ കലാമണ്ഡലം കരുണാകര കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.
സോപാനം ഗുരു സന്തോഷ് കൈലാസ് സ്വിച്ച്ഓണ്‍ കര്‍മ്മവും, ചാള്‍സ് ആലുക്ക ഫസ്റ്റ് ക്ലാപ്പും നിര്‍വഹിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ സ്റ്റാന്‍ലി തോമസ്, വിനോദ് ആറ്റിങ്ങല്‍, സംവിധായിക ലിനി സ്റ്റാന്‍ലി, ക്യാമറമാന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് ടൈറ്റില്‍ റിലീസ് ചെയ്തു. അവതാരകനും നടനുമായ വിനോദ് നാരായണനും, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമില്‍ സജീവമായ കലാകാരി സമിത മാക്‌സോയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചലച്ചിത്രത്തില്‍ ഡോ. രാജി, സ്റ്റാന്‍ലി തോമസ്, പ്രജോദ് കൃഷ്ണ, പ്രശാന്ത്, ചാള്‍സ് ആലുക്ക, ആരോണ്‍ സ്റ്റാന്‍ലി, മീനാക്ഷി ഉദയന്‍ തുടങ്ങി 40 ഓളം കലാകാരന്‍ന്മാര്‍ വിവിധ വേഷങ്ങളില്‍ അഭിനയിക്കുന്നു.