മനാമ: ദേശസ്‌നേഹത്തിന്റെ നിറവിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-ട്രാൻസ്‌പോർട്ട് മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവരും ഇരു കാമ്പസുകളിലെയും സ്റ്റാഫും രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
രാവിലെ ഇസ ടൌൺ കാമ്പസിൽ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയ ഗാനാലാപനം നടന്നു.അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചു. ഇത്തരം ആഘോഷങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദേശീയ അഭിമാനത്തിന്റെയും കടമയുടെയും ശക്തമായ ബോധം വളർത്തിയെടുക്കുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്‌കൂളിന്റെ പ്രതിബദ്ധതയും ദേശസ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലുള്ള സമർപ്പണത്തെ ചടങ്ങു പ്രതിഫലിപ്പിച്ചു.