സൗദി: മക്കയില്‍ ഈമാസം 30നു നടക്കുന്ന അടിയന്തര ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് ക്ഷണക്കത്ത് ലഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുതിനിടെയാണ് ജിസിസി ഉച്ചകോടി നടക്കുന്നത്. തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും മുസ്ലിം ബ്രദര്‍ഹുഡ് പോലെയുള്ള സംഘടനകളെ പിന്തുണയ്ക്കുന്നുവെന്നും ഇറാനെ സഹായിക്കുന്നുവെന്നും ആരോപിച്ച് 2017 ജൂണില്‍ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ കര, വ്യോമ, നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആരോപണം ഖത്തര്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടും ഉപരോധം നീക്കിയിരുന്നില്ല.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനിയാണ് ഞായറാഴ്ച ദോഹയില്‍ ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ കത്ത് സ്വീകരിച്ചത്. ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഈ മാസം മക്കയില്‍ രണ്ട് ഉച്ചകോടി നടത്താന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇ തീരത്ത് സൗദിയുടെ രണ്ട് ഇന്ധന ടാങ്കറുകളും എണ്ണ ശാലയും ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണു ഉച്ചകോടി ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. യമനിലെ ഹൂതി ഗ്രൂപ്പുകളുടെ പിന്തുണയോടെ ഇറാനാണ് ഇന്ധന ശാലയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മുതിര്‍ന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.